ലോക സഞ്ചാരിയായ മഗല്ലനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്. ഭൂമി ചുറ്റി സഞ്ചരിച്ച് അത് ഉരുണ്ടതാണെന്ന് തെളിയിച്ച ആളെന്ന പേരിലാവും നിങ്ങൾ മഗല്ലനെ അറിഞ്ഞിട്ടുണ്ടാവുക. എന്നാൽ നിങ്ങൾ കേൾക്കാൻ സാധ്യതയില്ലാത്ത കുറച്ച് മഗല്ലൻ വിശേഷങ്ങളാണ് ഇനി വായിക്കുവാൻ പോകുന്നത്. ഒന്നാമതായി പോർട്ടുഗീസുകാരനായ മഗല്ലന്റെ ശരിയായ നാമം അതല്ല എന്നതാണ്. ഫെർണാവോ മഗല്യാസ് (Fernão de Magalhães) എന്നാണ് മഗല്ലന്റെ പോർട്ടുഗീസ് പേര്. ഇത് പിന്നീട് ഫെർഡിനാൻഡ് മഗല്ലൻ , അല്ലെങ്കിൽ മജല്ലൻ എന്നൊക്ക അറിയപ്പെടുവാൻ തുടങ്ങി. 1505 ൽ കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ച ഫ്രാൻസിസ്കോ അൽമേഡയുടെ കൂടെ (Francisco de Almeida) മഗല്ലൻ കേരളത്തിലും എത്തിയിട്ടുണ്ട്. അന്ന് 25 വയസായിരുന്നു മഗല്ലന്റെ പ്രായം. കേരളത്തിലും, ഗോവയിലുമായി പിന്നീട് 8 വർഷങ്ങൾ മഗല്ലൻ ഇന്ത്യയിലാണ് ചിലവഴിച്ചത്. അതിനാൽ മഗല്ലൻ ഒരു പക്ഷെ അന്നത്തെ പ്രാചീന മലയാളം കേട്ടാൽ മനസിലാവുന്ന ഒരാൾ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ട്.
പിന്നീട് 1513 ൽ മൊറോക്കോയിൽ അറബികളുമായി നടന്ന യുദ്ധത്തിൽ ഒരു കുന്തം മഗല്ലന്റെ മുട്ടിൽ തുളച്ചു കയറുകയും അത് ജീവിതകാലം മുഴുവൻ ഒരു മുടന്ത് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. അതെ! ലോകസഞ്ചാരിയായ മഗല്ലൻ നടക്കുവാൻ പ്രയാസമുള്ള ഒരാൾ ആയിരുന്നു. പോർട്ടുഗീസുകാരനായ മഗല്ലൻ പക്ഷെ തന്റെ ലോകസഞ്ചാരം നടത്തിയത് അയൽരാജ്യമായ സ്പെയിനിനു വേണ്ടിയാണ്. ലോകം ചുറ്റിക്കറങ്ങുവാനും, ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കാനുമൊന്നുമല്ല മഗല്ലൻ കടൽയാത്രയ്ക്ക് ഇറങ്ങിയത്. കിഴക്കുള്ള, ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമായ സ്‌പൈസ് ഐലന്റുകളിലേക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഒരു കുറുക്കുവഴി കണ്ടെത്തുക, ഇത് മാത്രമായിരുന്നു മഗല്ലന്റെ ഉദ്യേശം.
മുഴുവനും ടാർ പുരട്ടിയ, കറുത്ത നിറമുള്ള അഞ്ചു കപ്പലുകളിലാണ് മഗല്ലൻ യാത്ര തുടങ്ങിയത്. ട്രിനിഡാഡ് എന്ന കപ്പലിൽ ആയിരുന്നു മഗല്ലന്റെ യാത്ര. കൂടെ മഗല്ലന്റെ ഒരു പുത്രനും, ഒട്ടനവധി ബന്ധുക്കളും നാവികരായി പല കപ്പലുകളിലും ഉണ്ടായിരുന്നു. ഇതിനിടെ മഗല്ലന്റെ യാത്ര മുടക്കുവാൻ പോർട്ടുഗൽ രാജാവ് പിന്നാലെ കുറെ കപ്പലുകളെ അയയ്ക്കുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞിട്ട് യാത്രക്കിടെ രണ്ടിൽ കൂടുതൽ തവണ മഗല്ലന് നേർക്ക് വധശ്രമവും ഉണ്ടായി. മഗല്ലന്റെ കാലത്ത് തെക്കേ അമേരിക്കക്ക് അപ്പുറമുള്ള പസഫിക് സമുദ്രത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നും യുറോപ്യൻസിന് അറിയില്ലായിരുന്നു. സൗത്ത് സീ എന്നായിരുന്നു പസഫിക് അന്ന് അറിയപ്പെട്ടിരുന്നത്. മഗല്ലനാണ് പസഫിക് എന്ന പേര് നൽകിയത്. തെക്കേ അമേരിക്കയിൽ മഗല്ലൻ കണ്ട പല ജനവിഭാഗങ്ങളിൽ നിന്നും ഒന്നോ രണ്ടോ പേരെ മഗല്ലൻ പിടികൂടി കപ്പലിൽ തടവുകാരായി പാർപ്പിച്ചിരുന്നു. തിരികെ ചെല്ലുമ്പോൾ സ്‌പെയിനിലെ രാജാവിനെ കാണിക്കുവാനായിരുന്നു അത്. ഇതിനും പുറമെ ഇന്നത്തെ ബ്രസീലിലെ റിയോയിൽ നിന്നും ഒരു ഏഴു വയസുകാരൻ ബാലനും മഗല്ലന്റെ സംഘത്തിൽ ഉണ്ടായിരുന്നു. ഒരു യൂറോപ്യന്, തെക്കേ അമേരിക്കൻ സ്ത്രീയിലുണ്ടായ ആദ്യകുട്ടിയായിരുന്നു അത്.
ശേഷം പസഫിക് മറികടന്ന് മഗല്ലനും കൂട്ടരും ഇന്നത്തെ ഫിലിപ്പീൻസിൽ എത്തിച്ചേർന്നു. എന്നാൽ അവിടെയുള്ള ഒരു ദ്വീപായ മക്റ്റാനിലെ (Mactan) രാജാവായ ലാപു-ലാപുവുമായുള്ള (Lapulapu) യുദ്ധത്തിൽ 1521 ഏപ്രിൽ 27 ന് മഗല്ലൻ വധിക്കപ്പെടുകയാണ് ഉണ്ടായത്. ഇക്കൂട്ടത്തിലും പിന്നീട് നടന്ന മറ്റൊരു കലാപത്തിലും അദ്ദേഹത്തിന്റ മകനും, ബന്ധുക്കളും കൊല്ലപ്പെട്ടു. അതായത് മഗല്ലൻ ലോകം ചുറ്റി സഞ്ചരിച്ചില്ല, പകരം യാത്ര പൂർത്തിയാക്കുന്നതിന് മുൻപ്, ഏതാണ്ട് പകുതിക്ക് വെച്ച് അദ്ദേഹം വധിക്കപ്പെടുകയാണുണ്ടായത്. അവസാനം അദ്ദേഹത്തിന്റെ അഞ്ചു കപ്പലുകളിൽ ഒന്നായ വിക്ടോറിയ 1522 സ്പെറ്റംബറിൽ സ്‌പെയിനിൽ എത്തിച്ചെന്നു. യാത്ര തുടങ്ങിയ ഏതാണ്ട് 270 ആളുകളിൽ വെറും 18 പേർ മാത്രമാണ് ലോകം ചുറ്റി തിരികെ വന്നത്. ഹ്വാൻ സെബാസ്റ്റിയൻ എൽക്കാനോ (Juan Sebastián Elcano) ആയിരുന്നു തിരിച്ചെത്തിയ വിക്ടോറിയയുടെ ക്യാപ്റ്റൻ. ചുരുക്കത്തിൽ മഗല്ലൻ ലോകം ചുറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു കപ്പലും, കൂടെയുണ്ടായിരുന്ന 18 പേരും കടൽമാർഗം ലോകം ഒരു തവണ ചുറ്റി തിരികെ വന്നു.