Skip to main content

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!


ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും.

1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വലിയൊരു  നേട്ടമായിട്ടാണ് നെപ്പോളിയൻ വിലയിരുത്തിയത്. ഈ ഒരു വിജയം ആഘോഷിക്കുവാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഒരു കാട്ടുമുയൽ  വേട്ടയാണ്  നെപോളിയൻ പ്ലാൻ ചെയ്തത്. ഹണ്ടിങ് അദ്ദേഹം എന്നും ആസ്വദിച്ചിരുന്നു. താൻ എപ്പോഴും  ഊർജസ്വലനായി ഇരിക്കുവാൻ വേട്ട സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കാര്യം വലിയൊരു സൈന്യത്തിന്റെ തലവനാണ്, തന്ത്രങ്ങളുടെ രാജാവാണ്, പക്ഷെ നെപ്പോളിയന്റെ ഉന്നം അത്ര പോരായിരുന്നു എന്നാണു തെളിവുകൾ നമ്മോട് പറയുന്നത്. എങ്കിലും വേട്ട അദ്ദേഹം നന്നായിത്തന്നെ ആസ്വദിക്കുമായിരുന്നു. ചക്രവർത്തിക്ക് മുയലുകളെ അന്വേഷിച്ച് കാടായകാടുമുഴുവനും അലഞ്ഞുതിരിയുവാനോന്നും സമയമില്ല. അതിനാൽ മറ്റുള്ളവർ കെണി വെച്ച് കാട്ടുമുയലുകളെ പിടികൂടി നെപ്പോളിയൻ വേട്ടയാടുന്ന പരിസരങ്ങളിൽ കൊണ്ട് വിടണം. എങ്കിൽ ചക്രവർത്തിക്ക് എളുപ്പം വേട്ട നടത്തുവാനും, പണി കഴിഞ്ഞു തിരിച്ചു പോകുവാനും സാധിക്കും.  ഇതിനായി മുയലുകളെ പിടികൂടി കാട്ടിൽ വിടേണ്ട ചുമതല ഏൽപ്പിച്ചത് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അലക്‌സാൻഡ്ര ബെർച്ചിയെ (Alexandre Berthier) ആയിരുന്നു.

ബെർച്ചിയെ ആവട്ടെ തന്നെ ഏൽപ്പിച്ച പണി കൂടുതൽ ഭംഗിയാക്കിയേക്കാം എന്നങ്ങ് തീരുമാനിച്ചു. ലോകം ഇതുവരെ കണ്ട ഏറ്റവു മികച്ച മുയൽവേട്ട ആയിരിക്കണം ഇത്. വേട്ട കഴിയുമ്പോൾ ചക്രവർത്തിക്ക് തന്നോടുള്ള ഇഷ്ടം ഇരട്ടിയാകണം.

പക്ഷെ ചക്രവർത്തിയിലൂടെ ഉന്നം അത്ര പോര. അതുകൊണ്ട് കുറച്ചേറെ മുയലുകളെ വേട്ടയ്ക്ക് ആവശ്യമാണ്. കൂടുതൽ മുയലുകൾ ഉണ്ടെങ്കിൽ നെപ്പോളിയന്റെ വെടി ഏതെങ്കിലും ഒരെണ്ണത്തിനെങ്കിലും കൊള്ളും. പരിപാടി വൻവിജയമാകുകയും ചെയ്യും. വേട്ടക്കായി കാട്ടുമുയലുകളെ കെണി വെച്ച് പിടികൂടാനൊന്നും ബെർച്ചിയെ സമയം കളഞ്ഞില്ല. അല്ലെങ്കിലും ഇത്രയേറെ കാട്ടുമുയലുകളെ എവിടെ നിന്നും പിടികൂടാനാണ്? ഇവിടെയാണ് ബെർച്ചിയെ ഗുരുതരമായ ഒരു തെറ്റ് കാണിച്ചത്. കാട്ടുമുയലുകൾക്ക് പകരം മുന്നൂറോളം വളർത്ത് മുയലുകളെയാണ് ബെർച്ചിയെ ആഭാഗത്തുള്ള ഫാമുകളിൽ നിന്നും വാങ്ങിക്കൂട്ടിയത്. 

അങ്ങിനെ അവസാനം വേട്ടയുടെ ദിവസമായി. നെപ്പോളിയനും അനുചരന്മാരും തോക്കുകളുടെ കാട്ടിൽ ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ചേർന്നു. ഇവിടെയാണ് പല സ്ഥലങ്ങളിലായി കൂടുകളിൽ വളർത്ത് മുയലുകളെ ബെർച്ചിയെയുടെ ആളുകൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. നെപ്പോളിയൻ വേട്ട തുടങ്ങിയതോടെ മറച്ചു വെച്ചിരുന്ന കൂടുകൾ ബെർച്ചിയെയുടെ ആളുകൾ തുറന്നു വിട്ടു. അതോടുകൂടി നൂറുകണക്കിന് മുയലുകൾ പുറത്തേക്ക് ചാടി.

കാട്ടുമുയലുകൾക്ക് മനുഷ്യനെ ഭയമാണ്. അവയെ പിടികൂടി തുറന്ന് വിട്ടാൽ അവറ്റകൾ കാട്ടിലേക്ക് ഓടിമറയും. ഇത് കാണുന്ന നെപ്പോളിയനും കൂട്ടരും അവരെ പിന്തുടർന്ന് വെടിവെച്ച് കൊല്ലും. ഇതാണ് പതിവ്. പക്ഷെ ഇവിടെ കൂടുതുറന്ന് പുറത്ത് ചാടിയിരിക്കുന്നത് മനുഷ്യനെ ഭയമില്ലാത്ത നാടൻ വളർത്തുമുയലുകളാണ്. ബെർച്ചിയെ രണ്ടു ദിവസങ്ങളായി അവറ്റകളെ കൂട്ടിൽ പട്ടിണിക്കിട്ടിരിക്കുകയാണ്. കൂടു തുറന്നതോടെ അവറ്റകൾ കാട്ടിലേക്കോടി മറയുന്നതിന് പകരം നെപ്പോളിയന്റെയും കൂട്ടരുടെയും ദേഹത്തേക്ക് ചാടിക്കയറുകയാണ് ഉണ്ടായത്. സത്യത്തിൽ ഫാമിലെപോലെ തങ്ങൾക്ക് തീറ്റയും കൊണ്ട് വന്ന ആളുകളാണ് സാക്ഷാൽ നെപ്പോളിയനും കൂട്ടരും എന്നാണ് മുയലുകൾ വിചാരിച്ചത്.

ശരീരത്തേക്ക് ചാടിക്കയറിയ മുയലുകളെ കണ്ട് നെപ്പോളിയൻ ആദ്യമൊക്കെ ചിരിച്ചെങ്കിലും പിന്നീട്  കളി കാര്യമായി. ദേഹത്തേക്ക് ചാടിക്കയറിയ മുയലുകൾ വസ്ത്രങ്ങൾ കടിച്ചു കീറുകയും കയ്യിലും കാലിലും കടിക്കുകയും ചെയ്യുവാൻ തുടങ്ങി. എവിടെയാണ് തീറ്റ വെച്ചിരിക്കുന്നത് എന്നാണ് അവർ തിരക്കിയത്. അവസാനം നെപ്പോളിയന് തന്റെ ദേഹത്ത് നിന്നും മുയലുകളെ വലിച്ചു പറിച്ചെടുത്ത് ദൂരെയെറിയേണ്ടി വന്നു. പക്ഷെ അപ്പോഴേയ്ക്കും കൂടുതൽ മുയലുകൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പാഞ്ഞു കയറി. അറിയാമല്ലോ, നെപ്പോളിയൻ ഒന്നാന്തരം തന്ത്രജ്ഞനാണ് . ഇത്തരം അവസരങ്ങളിൽ   മാനം നോക്കാതെ പിന്തിരിയുകയാണ് നല്ലതെന്ന് അദ്ദേഹത്തിന് മനസിലായി. നെപ്പോളിയൻ മുയലുകളെ വിട്ട് ഓടി തന്റെ കുതിര വണ്ടിയിലേക്ക് ചാടിക്കയറി. എന്നാൽ അതിനകത്തോട്ടും കുറച്ചു മുയലുകൾ ചാടിക്കയറി. നെപ്പോളിയനെയും കൊണ്ട് കുതിരവണ്ടി അവിടെ നിന്നും ശരവേഗത്തിൽ പാഞ്ഞു പോകുന്ന സമയത്തും അകത്ത് ചക്രവർത്തി തന്റെ കൂടെ വണ്ടിയിൽ കയറിയ മുയലുകളെ വെളിയിലേക്കെറിയുന്ന തിരക്കിലായിരുന്നു. അങ്ങിനെ വേട്ടക്കിറങ്ങിയ സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തോൽപ്പിച്ചോടിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ നർമ്മം നിറഞ്ഞ ഒരേടാണ് നെപ്പോളിയനും മുയലുകളും തമ്മിൽ നടന്ന ഈ യുദ്ധം.

Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...