അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാണ്ട് പന്ത്രണ്ടായിരം വർഷങ്ങൾ മുൻപ് വരെയും ജീവിച്ചിരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഡെനിസവൻ മാത്രമല്ല, ഏതാണ്ട് രണ്ട് ലക്ഷം വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികർ ഭൂമിയിൽ ജീവിച്ച് തുടങ്ങിയ സമയത്ത് മറ്റൊരു മനുഷ്യവർഗ്ഗംകൂടി ഈ ഭൂമിയിൽ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. നിയാണ്ടർത്താൽസ് (Neanderthals). നാമെന്ന ഹോമോസാപ്പിയൻസിനും, ഡെനിസവൻ മനുഷ്യർക്കൊപ്പം ഈ ഭൂമിയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താൽസ് ഏതാണ്ട് നാല്പതിനായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. ഏതാണ്ട് മൂന്ന് ലക്ഷം വർഷങ്ങൾ നിയാണ്ടർത്താൽ മനുഷ്യർ ഈ ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. ഇത്രയും വർഷങ്ങൾ അവർ എങ്ങിനെയാണ് ജീവിച്ചത്? എത്രത്തോളം വികസിതമായ സാമൂഹിക വ്യവസ്ഥയായിരുന്നു ഇവർക്കിടയിൽ ഉണ്ടായിരുന്നത്? ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തേടുകയാണ് നെറ്റ്ഫ്ലിക്സ് 2014 മെയ് രണ്ടിന് റിലീസ് ചെയ്ത Secrets of the Neanderthals എന്ന ഡോക്യുമെന്ററി. BBC Studios Science Unit നിർമ്മിച്ച 80 മിനിറ്റുള്ള ഈ ഡോക്യുമെന്ററി നമ്മുടെ ഓർമ്മകളെ ഒരു ലക്ഷം വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോകും.
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഏതോ പഴയ മനുഷ്യവർഗ്ഗം ആഫ്രിക്കയിൽ നിന്നും യൂറോപ്യൻ ഭാഗങ്ങളിലേക്ക് കുടിയേറുകയും അവർ നിയാണ്ടർത്താൽ എന്ന മനുഷ്യവർഗ്ഗമാവുകയും ചെയ്യുന്നിടത്താണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. കാലക്രമണ അവർ പെറ്റുപെരുകയും, റഷ്യ മുതൽ തെക്കോട്ടും, പടിഞ്ഞാറോടുമുള്ള യൂറോപ്യൻ ഭാഗങ്ങളിൽ ചിതറിപ്പാർക്കുവാനും ആരംഭിച്ചു. അങ്ങിനെ പിന്നീട് ഏതാണ്ട് മൂന്ന് ലക്ഷം വർഷങ്ങൾ അവർ അവിടെ തിന്നും, കുടിച്ചും, വേട്ടയാടിയും ജീവിച്ചു. പിന്നീടവർ അപ്രത്യക്ഷ്യരായി. എന്തുകൊണ്ട് എങ്ങിനെ എന്നുള്ളതിന് നമുക്ക് വ്യക്തമായ ധാരണകളില്ല. ഇന്ന് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് അവരെക്കുറിച്ചുള്ള തെളിവുകൾ അവശേഷിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വടക്കൻ ഇറാഖിലെ കുർദ് പ്രവിശ്യയിലുള്ള ഷാനിഡാർ കേവ് (Shanidar Cave). ഗ്രേറ്റ് സാബ് (Great Zab) നദിയിൽ നിന്നും വെറും 800m മാത്രം അകലെ, സമുദ്രനിരപ്പിൽ നിന്നും 640 m ഉയരത്തിലാണ് ഷാനിഡാർ ഗുഹ സ്ഥിതിചെയ്യുന്നത്. 8m ഉയരവും, 25m വീതിയുമുള്ള ത്രികോണാകൃതിയിലുള്ള ഒരു കവാടമാണ് ഈ ഗുഹയ്ക്കുള്ളത്.
അമേരിക്കൻ ആർക്കിയോളജിസ്റ്റ് റാൽഫ് സ്റ്റീഫൻ സൊലെക്കിയാണ് (Ralph Stefan Solecki) 1951ൽ ഷാനിഡാർ കേവിൽ ആദ്യമായി നിയാണ്ടർത്താൽ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് 1960 വരെയും നടത്തിയ പഠനങ്ങളിലൂടെ ഈ ഗുഹയിൽ നിന്നും ഏഴ് മുതിർന്ന നിയാണ്ടർത്താലുകളുടെയും രണ്ട് കുട്ടികളുടെയും അവശിഷ്ടങ്ങൾ അവർക്ക് കണ്ടെടുക്കുവാൻ സാധിച്ചിരുന്നു. 65,000 വർഷങ്ങൾ തൊട്ട് 35,000 വർഷങ്ങൾ വരെയുള്ള കാലയളവിൽ പല നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളായിരുന്നു അവർ. കൂടാതെ കല്ലുകൾ കൊണ്ടുള്ള ചില ആയുധങ്ങളും, അക്കാലത്തെ ചില മൃഗങ്ങളുടെ അവശിഷ്ടങ്ങളും അവർ കണ്ടെടുത്തിരുന്നു. ഇത് കൂടാതെ ഏതാണ്ട് 15,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന 35 മനുഷ്യരുടെ അസ്ഥികളും കൂടി സൊലെക്കിയും സംഘവും കണ്ടെത്തി. അതായത് കഴിഞ്ഞ ലക്ഷക്കണക്കിന് വർഷങ്ങൾക്കുള്ളിൽ വിവിധ മനുഷ്യവർഗങ്ങൾ പലപ്പോഴായി അഭയം തേടിയിരുന്ന ഗുഹയായിരുന്നു ഷാനിഡാർ. ഇപ്പോഴത്തെ കണക്കനുസരിച്ച് 12 നിയാണ്ടർത്താൽ മനുഷ്യരുടെ അസ്ഥികളാണ് ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ളത്. ഇക്കൂട്ടത്തിൽ കുറച്ച് നിയാണ്ടർത്താലുകളുടെ അവശിഷ്ടങ്ങൾ വ്യത്യസ്തമായിരുന്നു. അവയുടെ ഘടനയും, ഗുഹയിലെ കിടപ്പും നിയാണ്ടർത്താൽ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നമ്മുക്ക് നൽകുന്നുണ്ട്. രസകരമായ ഈ കണ്ടെത്തലുകളാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം.
1950 കളിൽ റാൽഫ് സ്റ്റീഫൻ സൊലെക്കിയുടെ സഹായിയായി ഈ ഗുഹയിൽ ട്രഞ്ച് കുഴിക്കുവാൻ പണിയെടുത്തിരുന്ന അബ്ദുല്ല ബർസാനിയുടെ ടെസ്റ്റിമോണിയോടുകൂടിയാണ് ഡോക്യുമെന്ററിയിൽ പഴയ കഥയുടെ ചുരുളുകൾ അഴിയുന്നത്. ഷാനിഡാർ ഗുഹയിൽ നിനും നിയാണ്ടർത്താൽ മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തുമ്പോൾ ബർസാനിക്ക് 18 വയസ് മാത്രമായിരുന്നു പ്രായം. അവർ കണ്ടെടുത്ത ആദ്യ നിയാണ്ടർത്താലിനു ഷാനിഡാർ 1 എന്നാണ് പേരിട്ടത്. ഏതാണ്ട് 30 മുതൽ 45 വയസ് വരെയും പ്രായമുള്ള ഒരാൾ ആയിരുന്നു ഷാനിഡാർ 1. പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന ഒരു അകന്ന ബന്ധുവിന്റെ അസ്ഥികൂടത്തിനരികെ ഇരിക്കുന്ന തോന്നലാണ് ഈ എല്ലുകൾക്കും, അവശിഷ്ടങ്ങളും അരികിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്നത് എന്നാണ് ഇറാഖി ആർക്കിയോളജിസ്റ്റ് അബ്ദുൾവഹാബ് സുലൈമാൻ ഹസൻ പറയുന്നത്. ഗുഹയുടെ നിരപ്പിൽ നിന്നും 4.5m ആഴത്തിൽ നിന്നാണ് ഷാനിഡാർ 1ന്റെ അവശിഷങ്ങൾ കണ്ടെടുത്തത്. ഏതാണ്ട് 45,000 വർഷങ്ങൾക്ക് മുൻപാണ് ഷാനിഡാർ 1 ജീവിച്ചിരുന്നത് എന്നാണ് കരുതപ്പെടുന്നത്.
ഷാനിഡാർ 1 ന്റെ തലയോട്ടിയുടെ വലത് ഭാഗത്ത് പരിക്കുകൾ പറ്റിയിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ ഇടത്തെ കണ്ണിന്റെ ഭാഗത്തും പരിക്കുകൾ ഉണ്ടായിരുന്നു. ഒരു പക്ഷേ ആ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവണം. കൂടാതെ വലത്തെ കയ്യിൽ ഒന്നിൽ കൂടുതൽ ഒടിവുകൾ ഉണ്ടായിരുന്നതിനാൽ അതിന് ശേഷിയും ഉണ്ടായിരിക്കുവാൻ സാധ്യതയില്ല. ഇതിനെല്ലാം പുറമെ വലത് കൈപ്പത്തി അറുത്ത് മാറ്റപ്പെട്ട നിലയിലും ആയിരുന്നു. ചെവിയുടെ ഘടനയിൽ നിന്നും ഷാനിഡാർ 1 നു കേൾവിശക്തിയും തീരെക്കുറവായിരുന്നു എന്ന് അനുമാനിക്കാം. കൂടാതെ ജോയിന്റുകളിൽ ആർത്രൈറ്റിസിന്റെ (arthritis) ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും തന്നെയും കുട്ടിയായിരുമ്പോൾ തന്നെ ഉണ്ടായിരുന്നതാവാൻ സാധ്യതയില്ല. അക്കാലത്ത് ഇത്രയും പോരായ്മകളുള്ള ഒരാൾ വളർന്ന് 40 വയസ് വരെയും എത്തുവാൻ യാതൊരു സാധ്യതയുമില്ല. ചുരുക്കത്തിൽ ഷാനിഡാർ1 ന്റെ പരിക്കുകൾ ഒന്നുകിൽ ഒരു വേട്ടയ്ക്കിടെ പറ്റിയതാവാം അല്ലെങ്കിൽ മറ്റ് നിയാണ്ടർത്താൽ ഗ്രൂപ്പുകളുടെ ആക്രമണത്തിൽ പറ്റിയതാവാനും സാധ്യതയുണ്ട്. ഗുരുതരമായി പരിക്ക് പറ്റിയെങ്കിലും ഷാനിഡാർ 1 അപ്പോൾ മരിച്ചില്ല. പരിക്കുകൾ ഏറ്റ ശേഷവും ഷാനിഡാർ 1 കുറേക്കാലം കൂടി ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കാം. കൂടാതെ അറുത്ത് മാറ്റപ്പെട്ട വലത്തെ കൈപ്പത്തിയുടെ ഭാഗത്ത് കൂർത്ത ആയുധങ്ങൾ എല്ലിൽ അനേകം പോറലുകൾ ഏൽപ്പിച്ചതായും വ്യക്തമാണ്. അതായത് ഷാനിഡാർ 1ന്റെ വലത്തെ കൈപ്പത്തി പിന്നീട് അറുത്ത് മാറ്റിയതാണ്.
ഷാനിഡാർ 1ന്റെ എല്ലുകളിൽ നിന്നും കിട്ടിയ ഈ തെളിവുകൾ പക്ഷേ അതുവരെയും നിയാണ്ടർത്താലുകളെകുറിച്ചുള്ള സകല ധാരണകളെയും തീരുത്തുന്ന ഒന്നായിരുന്നു. ഇത്രത്തോളം പരിക്കുകൾ പറ്റിയ, സ്വാധീനക്കുറവുള്ള, കാഴ്ചയും, കേൾവിക്കും പരിമിതിയുള്ള ഷാനിഡാർ 1, നാൽപ്പത് വയസ് വരെയും ജീവിച്ചിരുന്നു എന്നുള്ളതും, പരിക്കുകൾ പറ്റിയ ശേഷം കുറേക്കാലം കഴിഞ്ഞാണ് ഷാനിഡാർ 1 മരണപ്പെട്ടതും എന്നുള്ളത് പല കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. ഒന്ന്, കേടുവന്ന കൈപ്പത്തി അറുത്ത് മാറ്റുന്നത് നല്ലതാണെന്ന് അവർക്ക് അറിയാമായിരുന്നു. രണ്ട്, അങ്ങിനെ വെട്ടി മാറ്റുവാനുള്ള കല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കുവാനും, ഉപയോഗിക്കുവാനും അവർക്ക് അറിയാമായിരുന്നു. മൂന്ന് പരിക്കുകൾ പറ്റിയ ഒരാളെ സംരക്ഷിക്കുവാനുള്ള സാമൂഹിക ഉത്തരവാദിത്വവും അവർ കാണിച്ചിരുന്നു. വേട്ടയാടുവാൻ കഴിയാതെ ഷാനിഡാർ 1 നാല്പത്തി അയ്യായിരം വർഷങ്ങൾ പഴക്കമുള്ള ഒരു നിയാണ്ടർത്താൽ സമൂഹത്തിൽ കുറേക്കാലം സംരക്ഷിക്കപ്പെട്ടു എന്ന വിവരം, ഇവർ വെറും മൃഗങ്ങളാണ്, കാടൻമാരാണ് എന്നുള്ള മുൻ ധാരണകളെ തകിടം മറിക്കുന്നത് ആയിരുന്നു.
ഇനി ശ്രദ്ധേയമായ അടുത്ത സ്പെസിമെൻ ഷാനിഡാർ 3 യുടെ ആയിരുന്നു. (ഷാനിഡാർ 2 ൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല). ഏതാണ്ട് 45,000 വർഷങ്ങൾക്ക് മുൻപ് തന്നെയാണ് ഷാനിഡാർ 3യും ജീവിച്ചിരുന്നത്. ഷാനിഡാർ 1 നു പറയാനുള്ളതുപോലെ തന്നെ അതിശയകരമായ മറ്റൊരു കഥയായിരുന്നു ഷാനിഡാർ 3ക്കും പറയുവാനുണ്ടായിരുന്നത്. ഏതാണ്ട് 45,000 വർഷങ്ങൾക്ക് മുൻപ് തന്നെയാണ് ഷാനിഡാർ 3യും ജീവിച്ചിരുന്നത്. ഏതാണ്ട് 40 നടുത്ത് പ്രായമുണ്ടായിരുന്ന ഷാനിഡാർ 3ക്കും സാരമായ പരിക്കുകൾ പറ്റിയിരുന്നു. വാരിയെല്ലിൽ ഏറ്റിട്ടുള്ള ആഴത്തിലുള്ള മുറിവായിരുന്നു അതിൽ പ്രധാനം. ഇത് എങ്ങിനെ സംഭവിച്ചു എന്നുള്ളതിലേക്കുള്ള സൂചനകൾ ഷാനിഡാർ ഗുഹയിൽ നിന്നും തന്നെ ഗവേഷകർക്ക് ലഭിച്ചു. ഗുഹയിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രേറ്റ് സാബ് നദിയുടെ തീരങ്ങളിലായിരുന്ന ഇതിനുള്ള ഉത്തരം ഉണ്ടായിരുന്നത്.
നിയാണ്ടർത്താലുകൾ കല്ലുകൾകൊണ്ട് രൂപപ്പെടുത്തിയെടുത്ത വിവിധതരം ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. ഷാനിഡാർ ഗുഹയുടെ പരിസരങ്ങളിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ സാബ് നദിയുടെ തീരങ്ങളിൽ ഉണ്ടായിരുന്ന ഉരുളൻ കല്ലുകളാണ് ആയുധങ്ങളായി ഉപയോഗിച്ചിരുന്നത്. തീരെ ചെറിയ, 2.5 ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ള കല്ലുകളെ നാം പെബിൾ (Pebble) എന്നാണ് വിളിക്കുക (അതിലും ചെറുതിനെ ഗ്രാന്യൂൾ- granule എന്നാണ് പറയുക). 2.5 ഇഞ്ച് മുതൽ 10 ഇഞ്ച് വരെയും വലിപ്പമുള്ള, നമ്മുടെ കയ്യിൽ ഒതുങ്ങാവുന്ന വലിപ്പമുള്ള ഉരുളൻ കല്ലുകളെ കോബിൾ (Cobble) എന്നും, അതിലും വലിയ കൂറ്റൻ പാറകളെ ബൗൾഡർ (Boulder) എന്നുമാണ് ജിയോളജിയിൽ വിളിക്കുക. ഇതിൽ കയ്യിൽ ഒതുങ്ങുന്ന വലിപ്പമുള്ള കോബിൾസ് ആണ് നിയാണ്ടർത്താലുകൾ ഉപയോഗിച്ചിരുന്നത്. ഇത് മറ്റു കല്ലുകൾ ഉപയോഗിച്ച് പൊട്ടിച്ച് അഗ്രം കൂർപ്പിച്ചെടുക്കും. അത്യാവശ്യം ഭാരമുള്ള, അറ്റം കൂർത്ത ഇത്തരം കല്ലുകൾ കൊണ്ട് ഇടിച്ചാൽ എതിരാളിയുടെ മാംസവും അസ്ഥിയും തകരുമെന്ന് ഉറപ്പാണ്. കൂടാതെ ഇത് വടിയുടെ അഗ്രഭാഗത്ത് കെട്ടിവെച്ച് നീളമുള്ള കുന്തം പോലുള്ള ആയുധങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. ഇത്തരം ഒരു ആയുധം വച്ചുള്ള ശക്തമായ പ്രഹരമാണ് ഷാനിഡാർ 3 ക്ക് കിട്ടിയത് എന്ന് നമ്മുക്ക് അനുമാനിക്കാം. അത് റിബും തകർത്ത് ശ്വാസകോശംവരെയും ചെന്നിരിക്കുവാൻ സാധ്യതയുണ്ട്.
അന്നത്തെ തികച്ചും വയലന്റായ ഒരു ജീവിതത്തെക്കുറിച്ചുള്ള സൂചനകളാണ് ഇത് നമുക്ക് നൽകുന്നത്. വിവിധ നിയാണ്ടർത്താൽ ഗ്രൂപ്പുകൾ തമ്മിലോ, അല്ലെങ്കിൽ ഒരേ ക്ലാനിൽ പെട്ട ആളുകൾ തമ്മിലോ വഴക്കുകൾ നിത്യസംഭവങ്ങൾ ആയിരുന്നിരിക്കണം. ഇതിനിടയിലാവണം ഷാനിഡാർ 3 ക്ക് പരിക്ക് പറ്റിയത്. അല്ലെങ്കിൽ അത് വേട്ടയ്ക്കിടയിൽ സംഭവിച്ചതാകാനും മതി. പക്ഷേ ഷാനിഡാർ 1നെപ്പോലെ തന്നെ ഷാനിഡാർ 3യും കുറച്ചു ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞിട്ടാണ് മരണപ്പെട്ടത്. അതായത് ഇവിടെയും കൂടെയുണ്ടായിരുന്ന നിയാണ്ടർത്താലുകൾ പരിക്കേറ്റവരെ സപ്പോർട്ട് ചെയ്തിരുന്നുവെന്ന് മനസിലാക്കാം. നമ്മൾ മുൻപ് കരുതിയതിനേക്കാൾ ഉയർന്ന തലത്തിലുള്ള സാമൂഹികജീവിതമാണ് നിയാണ്ടർത്താൽ മനുഷ്യർക്ക് ഉണ്ടായിരുന്നത് എന്നതിന്റെ തെളിവുകളാണ് ഷാനിഡാർ 1 ഉം ഷാനിഡാർ 3 യും.
അവരുടെ ജീവിത രീതികളെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾക്കായി ഡോക്യുമെന്ററി നമ്മെ പിന്നീട് കൂട്ടിക്കൊണ്ട്പോകുന്നത് ക്രൊയേഷ്യയിലേക്കാണ്. അവിടെയുള്ള ക്രാപ്പിന (Krapina) എന്ന് പേരുള്ള തകർന്ന കിടക്കുന്ന ഒരു പൗരാണിക ഗുഹയിൽ നിന്നും നിയാണ്ടർത്താലൂകളുടെ നൂറ് കണക്കിന് എല്ലിന് കഷ്ണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. Krapina Neanderthal Museum ത്തിലാണ് ഇതെല്ലാം സംരക്ഷിച്ച് വെച്ചിരിക്കുന്നത്. ഏതാണ്ട് ഒരുലക്ഷത്തി മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപുള്ള നിയാണ്ടർത്താൽ അവശിഷ്ടങ്ങളാണ് ക്രാപ്പിനയിൽ ഉള്ളത്. 80 നിയാണ്ടർത്താലുകളുടെ എല്ലുകളാണ് ഇവിടെ നിന്നും കളക്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഷാനിഡാർ ഗുഹയിലെപ്പോലെ പൂർണമായ രീതിയിലുള്ള ക്രാപ്പിനയിൽ എല്ലുകൾ കിടന്നിരുന്നത്. അക്കാലത്തെ മൃഗങ്ങളുടെ എല്ലുകളുടെ കൂട്ടത്തിൽ ഇടകലർന്നാണ് ഇവിടെ എല്ലുകൾ ചിതറിക്കിടന്നിരുന്നത്. അതായത് മരണപ്പെടുന്ന ആളുകളുടെ എല്ലുകൾ പിന്നീട് അവിടെ കൊണ്ട് ചെന്ന് നിക്ഷേപിച്ചതാണ്.
ഈ എല്ലുകളിലെല്ലാം തന്നെ മനുഷ്യനിർമ്മിതമായ അടയാളങ്ങൾ ഉണ്ടായിരുന്നു. മുൻപ് പറഞ്ഞ തരം കോബിൾ കല്ലുകൾ ഉപയോഗിച്ച് എല്ലുകളിൽ നിന്നും മാംസം ചീകിചീകി എടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുക. ഇത്തരം കോബിൾസ് വെച്ച് മാംസം വളരെയെളുപ്പത്തിൽ ചീകിയെടുക്കാമെന്ന് ഡോക്യുമെന്ററിയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ക്രാപ്പിനയിൽ നിന്നും കിട്ടിയ സകല എല്ലുകളിലും ഇത്തരം സ്ക്രാച്ചസ് ഉണ്ടായിരുന്നു. എന്തിനാണ് അവർ ആളുകളുടെ മാംസം ശരീരത്തിൽ നിന്നും ചീകിയെടുത്തത്? ഇവർ ഒരു പക്ഷേ നരഭോജനം നടത്തിയിരുന്നുവെന്നതിന്റെ അടയാളമായി ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ചില എല്ലുകൾ തല്ലിപ്പൊട്ടിച്ചിരിക്കുന്നത് ഉള്ളിൽ നിന്നും ബോൺമാരോ ഊറ്റിയെടുക്കുന്നതിനാണോ എന്നും സംശയമുണ്ട്. ഒരു പക്ഷേ മരിച്ച ഉറ്റവരുടെ മാംസം ഭക്ഷിക്കുന്നത് അവരുടെ ആചാരരീതിയിൽ പെട്ടതാവാം. അല്ലെങ്കിൽ മാംസം ചീകിയെടുത്ത് മൃഗങ്ങൾക്ക് ഇട്ട് കൊടുത്തശേഷം എല്ലുകൾ ഗുഹയിൽ സംസ്കരിച്ചതാവാം. ഇതെല്ലാം ഊഹങ്ങൾ മാത്രമാണ് എന്തുകൊണ്ടാണ് ക്രാപ്പിന നിയാണ്ടർത്താലുകൾ ഇത്തരം പണികൾ ചെയ്തിരുന്നത് എന്ന് ഇന്നും ഉത്തരംകെട്ടാതെ അവശേഷിക്കുന്നു. എന്തായാലും ഇതൊക്കെ അവരുടെ സങ്കീർണ്ണമായ മാനസിക അവസ്ഥയെയും, സാമൂഹിക പശ്ചാത്തലത്തെയും സൂചിപ്പിക്കുന്നുണ്ട്. ഒരുലക്ഷത്തി മുപ്പതിനായിരം വർഷങ്ങൾക്കിപ്പുറം ഇരുന്നുകൊണ്ട് അത് ചിന്തിച്ചെടുക്കുന്ന അസാധ്യമായ കാര്യം തന്നെയാണ്.
ഇതിന് ശേഷം Secrets of the Neanderthals എന്ന ഡോക്യുമെന്ററി നമ്മെ കൊണ്ടുപോകുന്നത് വീണ്ടും ഷാനിഡാർ ഗുഹയിലേക്ക് തന്നെയാണ്. അവിടെ സ്റ്റീഫൻ സൊലെക്കി കുഴിച്ചെടുത്ത മറ്റൊരു സ്പെസിമെൻ, ഷാനിഡാർ 4 നിയാണ്ടർത്താലുകളുടെ ജീവിതത്തിലെ മറ്റൊരു അധ്യായം നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു. ഈയൊരു നിയാണ്ടർത്താൽ സ്പെസിമെൻ ഫ്ളവർ ബറിയൽ (flower burial) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് 30-40 വയസ് പ്രായമുള്ള ഒരു ആണിന്റെ അസ്ഥികൂടമാണ്. ഇടത്തേക്ക് ചെരിഞ്ഞ്, ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ എങ്ങിനെയാണോ കിടക്കുന്നത് (partial fetal position) ആ രീതിയിലായിരുന്നു ഷാനിഡാർ 4 ന്റെ കിടപ്പ്. ഗുഹാനിരപ്പിൽ നിന്നും 7m ആഴത്തിലായിരുന്നു അത് ഉണ്ടായിരുന്നത്. ഇത് കണ്ടെത്തിയ സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി പഠിച്ച സൊലെക്കി, ഭൂമിയിൽ വിശ്വാസങ്ങളും, ആചാരങ്ങളും എങ്ങിനെ തുടങ്ങി എന്നതിന്റെ ഉദാഹരണമായിട്ടാണ് ഷാനിഡാർ 4 ന്റെ അസ്ഥികൂടവും അതിന്റെ കിടപ്പും, പരിസരവും ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് 75,000 കൊല്ലങ്ങൾക്ക് മുൻപ് മരണപ്പെട്ട ഷാനിഡാർ 4 ന്റെ അത്തികൂടത്തിന്റെ അടിയിലും, ചുറ്റിനുമുള്ള മണ്ണ് വിശദമായി പരിശോധിച്ചതിൽ നിന്നാണ് രസകരമായ ഒരു അനുമാനത്തിൽ സൊലെക്കി എത്തിയത്.
ഷാനിഡാർ 4ന്റെ അസ്ഥികൂടത്തിനരികിൽ നിന്നെടുത്ത മണ്ണിൽ അന്നത്തെക്കാലത്തെ പൂമ്പൊടിയുടെ (pollen) തരികളും ധാരാളം ഉണ്ടായിരുന്നു. പോളൻ ഗ്രെയിൻസിന്റെ (pollen grains) പുറത്തെ ഷെല്ലിൽ സ്പോറോപോളനിൻ (Sporopollenin) എന്നൊരു ബയോപോളിമർ (biopolymer) അടങ്ങിയിട്ടുണ്ട്. ഇത് കെമിക്കലി വളരെ സ്റ്റെബിളായ ഒന്നാണ്. അതുകൊണ്ട് മണ്ണിൽ എത്രകാലം കിടന്നാലും ഇത് നശിച്ചുപോകുവാൻ സാധ്യത വളരെക്കുറവാണ്. മണ്ണിൽ നിന്നും ഇത് കണ്ടെത്തിയാൽ അക്കാലത്തെ സസ്യങ്ങളെക്കുറിച്ചും, ചെടികളെക്കുറിച്ചുമുള്ള ധാരണ നമുക്ക് ലഭിക്കും. എന്നാൽ ഷാനിഡാർ 4 ന്റെ അരികിലുള്ള മണ്ണിൽ നിന്നും അക്കാലത്തെ പോളൻ ഗ്രെയിൻസ് കിട്ടുക എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഒന്നാമത് ഇത് ഗുഹയ്ക്കുള്ളിലാണ്. അത് മാത്രമല്ല എട്ട് തരം പൂക്കളുടെ പോളൻസാണ് സൊലെക്കിക്ക് അവിടെ നിന്നും കിട്ടിയത്. തീർച്ചയായും ഈ പൂക്കൾ ആരോ പറിച്ചെടുത്ത് അവിടെക്കൊണ്ട്ചെന്ന് ഇട്ടതാണ്.
ഷാനിഡാർ 4ന്റെ ചുറ്റും നിന്ന് അക്കാലത്തെ 8 തരം പൂമ്പൊടികൾ കിട്ടിയതിന്റെ അർത്ഥം, ഒരു തരം പ്രാകൃതമായ ശവസംസ്കാരചടങ്ങ് തന്നെ അവിടെ നടന്നിട്ടുണ്ടാവണം എന്നാണ് സൊലെക്കി കരുതുന്നത്. ഷാനിഡാർ 4ന്റെ അടുത്ത ആളുകൾ പൂക്കൾ പറിച്ചെടുത്ത് അവിടെക്കൊണ്ട് ചെന്നിട്ടിട്ടുണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അതുകൊണ്ടാണ് ഷാനിഡാർ 4 കിടന്ന സ്ഥലം ഫ്ളവർ ബറിയൽ എന്നപേരിൽ പ്രശസ്തമായത്. കൂടാതെ ഷാനിഡാർ 4 ന്റെ അരികിൽ കുത്തനെ ഒരു കല്ലും നാട്ടിയിരുന്നു. എവിടെയാണ് ഷാനിഡാർ 4 കിടക്കുന്നത് എന്നറിയുവാൻ കൂടെയുള്ളവർ ചെയ്തതാകാനാണ് സാധ്യത. ഒരു പക്ഷേ ആ ക്ലാനിലെ ഒരു പ്രധാന വ്യക്തി ആയിരുന്നിരിക്കണം ഷാനിഡാർ 4. അതുകൊണ്ട് തന്നെ പിന്നീട് സ്ഥാനം മനസ്സിലാക്കി പൂക്കൾ കൊണ്ടുചെന്ന് ഇടാനുള്ള സാധ്യതയും ഉണ്ട്.
സൊലെക്കി ഈ ഒരു ഹൈപ്പോതെസിസ് പറഞ്ഞ കാലം മുതൽ പലരും ഇതിനെ എതിർക്കുന്നുണ്ടായിരുന്നു. 75,000 വർഷങ്ങൾക്ക് മുൻപ് ഈ രീതിയിൽ നിയാണ്ടർത്താൽ മനുഷ്യർ ചിന്തിച്ചിരുന്നു എന്ന് കരുതുവാൻ പ്രയാസമാണ്. ചിലർ പൂമ്പൊടിയുടെ സാന്നിധ്യത്തിന് മറ്റ് കാരണങ്ങൾ കണ്ടെത്തി. ഉദാഹരണത്തിന് കരണ്ട് തിന്ന് ജീവിക്കുന്ന പല ജീവികൾക്കും (Rodent), പൂക്കളും, കായ്കളും പല സ്ഥലങ്ങളിൽ നിന്നും സംഭരിച്ച് അവർ ജീവിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് കൂട്ടിവെയ്ക്കുന്ന ശീലമുള്ളതാണ്. ഇത്തരത്തിലുള്ള പേർഷ്യൻ ജേർഡ് (Persian jird) എന്ന പേരുള്ള ഒരു റോഡെന്റ് (ഇത് എലിയെപ്പോലിരിക്കും, എലിയല്ല) ഗ്രേറ്റ് സാബ് നദിയുടെ തീരങ്ങളിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ പൂർവ്വികർ ഷാനിഡാർ 4 ന്റെ കാലത്തും ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഷാനിഡാർ 4 ന്റെ അരികിൽ പൂക്കൾ കൂട്ടിയിട്ടത് പേർഷ്യൻ ജേർഡ് കാണിച്ച പണിയാണെന്നാണ് ചിലർ കരുതുന്നത്.
എന്നാൽ ഡോക്യുമെന്ററിയിൽ കുറച്ചുകൂടി വിശ്വാസ്യമായ ഒരു കാരണമാണ് അവർ പറയുന്നത്. ഷാനിഡാർ ഗുഹയുടെ പരിസരങ്ങളിൽ ലക്ഷക്കണക്കിന് വർഷങ്ങൾ മുതൽ മാംസഭോജികളായ ജീവികൾ ജീവിച്ച് വരുന്നുണ്ട്. ഷാനിഡാർ 4 ന്റെ കാലത്ത് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വിചിത്രങ്ങളായ ജീവികൾ ആ ഭാഗങ്ങളിൽ ഉണ്ടായിരുന്നിരിക്കണം. ഗുഹയിൽ ശവം കൊണ്ട് ചെന്ന് നിക്ഷേപിച്ചാൽ ഈ മാംസഭോജികൾ ഗുഹയിൽ കടന്ന് അത് ഭക്ഷിക്കുമെന്ന് ഉറപ്പാണ്. അത് തടയുവാൻ ഷാനിഡാർ 4 ന്റെ മൃതശരീരത്തിനരികെ അവർ മരച്ചില്ലകളും, കമ്പുകളും, മുൾച്ചെടികളും വലിച്ചു പറിച്ച് ഒടിച്ച് കൊണ്ടിട്ടിട്ടുണ്ടാകാം. പിന്നീട് ആ മരച്ചില്ലകളിലെ പൂക്കൾ വാടി അവിടെത്തന്നെ വീഴുകയും മുൻപ് പറഞ്ഞ pollen grains ഉണങ്ങി മണ്ണിൽ വീഴുകയും ചെയ്തിട്ടുണ്ടാവും. ആനയുൾപ്പെടെ ചില മൃഗങ്ങൾപോലും ഇത്തരത്തിൽ ശവശരീരങ്ങൾക്ക് മുകളിൽ ചില്ലകൾ കൊണ്ടിടുന്നതും, മണ്ണ് കൊണ്ടിടുന്നതും, എന്തിന് മണ്ണിൽ കുഴിച്ചിടുന്നത് വരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഷാനിഡാർ 4 ന്റെ കാര്യത്തിൽ ഇതെല്ലാം നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. 75,000 വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യരുടെ ചിന്തയും, ജീവിതവും ഊഹിച്ചെടുക്കാൻ മാത്രം സാധിക്കൂ.
1960 ലാണ് റാൽഫ് സ്റ്റീഫൻ സൊലെക്കി ഷാനിഡാർ 4നേ കുഴിച്ചെടുത്തതും ഫ്ളവർ ബറിയൽ ഹൈപ്പോതെസിസ് പറഞ്ഞതും. ഇതിന് ശേഷം വീണ്ടും ഒരിക്കൽക്കൂടി ഷാനിഡാർ കേവിൽ ഗവേഷണം നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് ഒരിക്കലും അദ്ദേഹത്തിന് അങ്ങോട്ടേയ്ക്ക് മടങ്ങിവരുവാൻ സാധിച്ചില്ല. 1961 മുതൽ 70 വരെയും നടന്ന ഇറാഖി-കുർദിഷ് യുദ്ധം, പിന്നീട് ഗൾഫ് യുദ്ധം, അത് കഴിഞ്ഞിട്ട് 2011 വരെ നീണ്ടു നിന്ന ഇറാക്ക് യുദ്ധം, പിന്നീട് 2018 വരെയും ഇസ്ലാമിക് സ്റ്റേറ്റുമായി നടന്ന യുദ്ധം അങ്ങിനെ പല യുദ്ധങ്ങൾ നടന്നു. ഇതിൽ നിന്നെല്ലാം മാറി ഒറ്റപ്പെട്ടിടന്നിരുന്ന ഷാനിഡാർ ഗുഹയും അതിനുള്ളിൽ മണ്മറിഞ്ഞു കിടക്കുന്ന നിയാണ്ടർത്താൽ രഹസ്യങ്ങളും ഗവേഷകർക്ക് അപ്രാപ്യമായി തുടർന്നു. അവസാനം 2019 ൽ ഷാനിഡാറയിലെ രഹസ്യങ്ങളുടെ കാവൽക്കാരൻ റാൽഫ് സ്റ്റീഫൻ സൊലെക്കി മരണപ്പെടുകയും ചെയ്തു.
ഇതിനിടെ ഒരു വർഷം മുൻപ് 2018 ൽ കുർദിഷ് സർക്കാർ ഷാനിഡാർ ഗുഹയിൽ പര്യവേക്ഷണത്തിനായി പുതിയ ഒരാളെ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് പ്രൊഫസർ ഗ്രേയിം ബാർക്കർ (Graeme Barker). സ്റ്റീഫൻ സൊലെക്കി നിർത്തിയിടത്ത് നിന്നും പുനരാരംഭിച്ച പ്രൊഫസർ ബാർക്കറും സംഘവും മറ്റൊരു നിയാണ്ടർത്താൽ അസ്ഥികൂടം കണ്ടെത്തി, ഷാനിഡാർ Z. ഷാനിഡാർ ഗുഹയിലെ ഏറ്റവും പഴക്കമേറിയ സ്പെസിമെൻ ആയിരുന്നു അത്. ഏതാണ്ട് 75,000 വർഷങ്ങളായിരുന്നു ആ അസ്ഥികൂടത്തിന്റെ പ്രായം.
ഇത്രയും നൂറ്റാണ്ടുകൾ കൊണ്ട് ഈ ഭൂമിയിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്. ഷാനിഡാർ Z ന്റെ വർഗ്ഗമായി നിയാണ്ടർത്താലൂകൾ ഈ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമായി. ആഫ്രിക്കയിൽ നിന്നുള്ള പുതിയ മനുഷ്യവർഗ്ഗം ഹോമോ സാപ്പിയൻസ് ഭൂമി മുഴുവനും വ്യാപിച്ചു. ഹിമയുഗങ്ങൾ കടന്നുപോയി. ഭൂമിയിൽ മതങ്ങളും, രാജാക്കന്മാരും ഉണ്ടായി. ലോക മഹായുദ്ധങ്ങൾ നടന്നു. ഈ സമയമെല്ലാം ആരുമറിയാതെ ഷാനിഡാർ Z ആ ഗുഹയിലെ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.
ഷാനിഡാർ Z ഏതാണ്ട് 40 വയസിനടുത്ത് പ്രായമുണ്ടായിരുന്ന അഞ്ചടി ഉയരമുള്ള ഒരു സ്ത്രീ ആയിരുന്നു.തലയോട്ടി ആകെ പപ്പടം പോലെ ചതഞ്ഞരഞ്ഞ രീതിയിലാണ് ഷാനിഡാർ Z കിടന്നിരുന്നത്. ഗുഹയുടെ മുകളിൽ നിന്നും പാറകളും മറ്റും വീണ്ടുകൊണ്ടാണ്ആ ഇത്കെ സംഭവിച്ചത്. തകർന്ന് പോയ ആ തലയോട്ടിയുടെ കിട്ടാവുന്ന ഭാഗങ്ങളൊക്കെയും ശ്രദ്ധാപൂർവ്വം കുഴിച്ചെടുത്ത് അത് സംയോജിപ്പിക്കുവാനായിരുന്നു പിന്നീട് അവരുടെ ശ്രമം. ആ ഭാഗങ്ങളെല്ലാം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിലെക്ക് കൊണ്ടുപോയ ശേഷമാണ് സംയോജിപ്പിച്ചത്. എങ്ങിനെയാണ് അവരത് ചെയ്തത് എന്നൊക്കെ വിശദമായി തന്നെ ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. ഷാനിഡാർ Z ന്റെ പല്ലുകളുടെ പഠനമാണ്, അതിന്റെ പ്രായം, ലിംഗം ഇതൊക്കെ മനസ്സിലാക്കുവാൻ സഹായിച്ചത്. കൂടാതെ നിയാണ്ടർത്താലുകൾ ചെടികളും, ഇലകളും കൂടി കഴിയുമായിരുന്നു എന്നും ഇതിൽ നിന്നും പിടികിട്ടുകയും ചെയ്തു. ചിതറിപ്പോയ തലയോട്ടി ഇതുപോലെ സംയോജിപ്പിച്ച് എടുക്കാമെങ്കിൽ എന്തുകൊണ്ട് ആധുനിക രീതികൾ ഉപയോഗിച്ച് ഷാനിഡാർ Z ന്റെ മുഖം തന്നെയും പുനർസൃഷ്ടിക്കുവാൻ സാധിക്കില്ല? ഇതായിരുന്നു ഗവേഷകരുടെ മനസ്സിൽ ഉടലെടുത്ത അടുത്ത ചോദ്യം. തലയോട്ടിയുടെ ആകൃതിയിൽ നിന്നും മുഖം സൃഷ്ടിച്ചെടുക്ക എന്നത് എളുപ്പമുള്ള കാര്യമല്ല.
അവർ കുഴപ്പം പിടിച്ച ഈ പണി ഏൽപ്പിച്ചത് ഡച്ചുകാരായ ഇരട്ടകളായ കെന്നിസ് ബ്രദേഴ്സിനെ ആയിരുന്നു. ലോക പ്രശസ്തരായ പാലിയോആർട്ടിസ്റ്റുകൾ (paleoartists) ആണ് കെന്നിസ് സഹോദരന്മാർ (Kennis and Kennis). ആധുനിക 3D പ്രിന്റിങ് ടെക്നോളജിയും മറ്റും ഉപയോഗിച്ചാണ് അവരത് സാധിച്ചെടുത്തത്. മുൻ ധാരണകളിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി ഹ്യൂമൻ ആയ, വികാരങ്ങളുള്ള ഒരു മുഖമാണ് കെന്നിസ് സഹോദരന്മാർ സൃഷ്ടിച്ചെടുത്തത്. എന്നാൽ ഇവിടെ സയൻസിനേക്കാൾ കൂടുതൽ കലയാണ് വർക്ക് ചെയ്തിട്ടുള്ളത് എന്നതിനാൽ ശരിക്കുള്ള ഷാനിഡാർ Z നു ഈ മുഖവുമായി വിദൂര ബന്ധം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വാദമുണ്ട്. പ്രായംകൊണ്ട് മുഖത്തെ മാംസപേശികൾക്കുണ്ടാവുന്ന ചുളിവുകൾ നിർണയിക്കുക പ്രയാസമാണെന്നും വിമർശകർ പറയുന്നുണ്ട്. 75,000 വർഷങ്ങൾക്കിപ്പുറം ഇരുന്നുകൊണ്ട് അവരുടെ മുഖത്തെ വികാരങ്ങൾ ചിന്തിച്ചെടുക്കുക എന്നത് തീർത്തും അസാധ്യമാണ്. അതിനാൽ തന്നെ കെന്നിസ് സഹോദരന്മാർ ചെയ്തത് അസാധ്യമായ ഒരു കാര്യം തന്നെയാണ്. അവർ സൃഷ്ടിച്ചെടുത്ത ഷാനിഡാർ Z ന്റെ മുഖത്തിന് ശരിക്കുള്ള ഷാനിഡാർ Z മായി സാമ്യം ഉണ്ടായാലും ഇല്ലെങ്കിലും ഈ പുനർസൃഷ്ടിക്ക് മറ്റൊരു വലിയ പ്രയോജനമുണ്ട്. വെറും, സ്കെൽട്ടൻ, സ്പെസിമെൻ എന്നൊക്കെ നമ്മൾ പറയുന്ന നിയാണ്ടർത്താൽ മനുഷ്യർക്ക് നമ്മുടെ മനസ്സിൽ ജീവനുള്ള ഒരു ഓർമ്മ സൃഷ്ടിക്കുവാൻ ഇത് സഹായിക്കും. അവരും നമ്മെപോലെ തന്നെ ഉണ്ടായിരുന്ന ഒരു മനുഷ്യ വർഗ്ഗമായിരുന്നുവെന്ന് ഇത് വരും തലമുറയെ ഓർമ്മിപ്പിക്കും.
ഇതിനു ശേഷം ഡോക്യുമെന്ററി നമ്മെ കൊണ്ടുപോകുന്നത് ഫ്രാൻസിലെ ബ്രൂണിക്കെൽ കേവിലേക്കാണ് (Bruniquel Cave). 1990 കളിലാണ് ഈ ഗുഹയിലേക്ക് നാം ആദ്യമായി കടന്ന് ചെല്ലുന്നത്.ഇതിനുള്ളിലേക്ക് ഇന്ന് കടന്ന് ചെല്ലുവാൻ വളരെ പ്രയാസമാണ്. ഒരു പക്ഷേ ഗുഹാമുഖം ഏതോ യുഗത്തിൽ അടഞ്ഞുപോയിട്ടുണ്ടാവണം. 2016 ൽ മാത്രമാണ് ഈ ഗുഹയ്ക്ക് നിയാണ്ടർത്താലുകളുമായി ബന്ധമുണ്ടെന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെടുന്നത്. ഇതിനകത്ത് കടന്ന ഗവേഷകർ പക്ഷേ ഇതിനുള്ളിലെ ഒരു പ്രത്യേക കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഈ ഗുഹിക്കുള്ളിൽ അനേകം സ്റ്റല്ലാഗ്മൈറ്റുകൾ (stalagmite) ഉണ്ട്. ഗുഹയുടെ മുകളിൽ നിന്നും ജലവും മറ്റു പദാർത്ഥങ്ങളും ഇറ്റിറ്റ് വീണ് കാലക്രമേണ ഗുഹയുടെ നിലത്ത് നിന്നും മുകളിലേക്ക് കൂർത്ത അഗ്രങ്ങളുമായി രൂപമെടുക്കുന്ന റോക്ക് ഫോർമേഷനുകളാണ് സ്റ്റല്ലാഗ്മൈറ്റുകൾ. ഇത്തരം ആയിരക്കണക്കിന് സ്റ്റല്ലാഗ്മൈറ്റുകൾ ആണ് ബ്രൂണിക്കെൽ ഗുഹയുടെ ഫ്ലോറിൽ നിനും മുകളിലേക്ക് ഉയർന്ന് നിൽക്കുന്നത്. മണ്ണും, കാത്സ്യം കാർബണേറ്റുമാണ് ഇതിനുള്ളിൽ അടങ്ങിയിട്ടുള്ളത്.
ബ്രൂണിക്കെൽ ഗുഹിക്കുള്ളിൽ കടന്ന ഗവേഷകർ ഞെട്ടിയത് ഇത് കണ്ടല്ല, മറിച്ച് മൂന്ന് സ്ഥലങ്ങളിൽ ഈ സ്റ്റല്ലാഗ്മൈറ്റുകൾ വൃത്താകൃതിയിൽ അടുക്കിവച്ചിരിക്കുന്ന കാഴ്ചകണ്ടിട്ടാണ്. ഭൂമിയിലെ സ്റ്റല്ലാഗ്മൈറ്റുകൾ ഉള്ള ഒരു ഗുഹയിലും വൃത്താകൃതിയിലുള്ള ഇത്തരം നിമിതി ഇല്ലായെന്നുള്ള അറിവാണ് അവരെ ഞെട്ടിച്ചത്. ഇത് തീർച്ചയായും പ്രകൃതിയാൽ ഉണ്ടായതല്ല. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അടഞ്ഞുപോയ ഈ ഗുഹയിൽ ആരാണ് സ്റ്റല്ലാഗ്മൈറ്റുകൾ ഈ രീതിയിൽ വൃത്താകൃതിയിൽ അടുക്കി വെച്ചത്? ഇത് കൂടാതെ ആ വൃത്തത്തിന്റെ നടുവിൽ ചില സ്ഥലങ്ങളിൽ തീ കത്തിച്ചതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. അതുപോലെ തന്നെ കത്തിക്കരിഞ്ഞ ഒരു എല്ലും അസ്വിഡെ നിന്നും അവർക്ക് ലഭിച്ചു. ഇനി എന്നാണ് ഈ തീ കത്തിച്ചത് എന്നുള്ള വിവരവും, ആ എല്ലിന്റെ കാലപ്പഴക്കവും നിർണയിക്കാനായാൽ ആരാണ് ഇതിന്റെ പുറകിലുള്ളത് എന്ന് കണ്ടെത്താനാവും. ആധുനിക രീതികൾ ഉപയോഗിച്ച് കാലഗണ നടത്തിയ അവൾക്ക് ലഭിച്ച ഉത്തരം 176,000 വർഷങ്ങൾ എന്നായിരുന്നു. 176,000 വർഷങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് ഇത്തരത്തിൽ ഒരു നിർമ്മിതിയുണ്ടാകുവാൻ ശേഷിയുള്ള ഒരേയൊരു വർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ, നിയാണ്ടർത്താൽസ്!
വീണ്ടും ഒരു ലക്ഷം വർഷം മുന്നോട്ട് പോയാൽ ഈ ഭാഗത്ത് മറ്റൊരു മനുഷ്യവർഗ്ഗം കൂടി എത്തിയിരുന്നു, സാക്ഷാൽ ഹോമോ സാപ്പിയൻസ്. എന്നാൽ അക്കാലത്തെ ഹോമോസാപ്പിയൻസ് പോലും ഇത്തരത്തിൽ ഗുഹകളിൽ ഇരു നിർമ്മിതിയുണ്ടാക്കിയതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല. പക്ഷേ 176,000 വർഷങ്ങൾക്ക് മുൻപ് നിയാണ്ടർത്താൽ മനുഷ്യർക്ക് ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുവാൻ കഴിവുണ്ടായിരുന്നു എന്നറയുന്നത് തന്നെ നമ്മെ അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്.
എന്തിനാണ് അവർ സ്റ്റല്ലാഗ്മൈറ്റുകൾ ഇതുപോലെ വൃത്താകൃതിയിൽ അടുക്കിവച്ചത്? ഇത് ഷാനിഡാർ ഗുഹപോലെ ഒന്നല്ല. ബ്രൂണിക്കെൽ ഗുഹയിൽ സ്ഥിരതാമസത്തിനു പറ്റിയ ഒന്നും തന്നെയും ഇല്ല. വെളിച്ചം ഇതിനുള്ളിൽ തീരെയുണ്ടായിരുന്നില്ല. ചുരുക്കത്തിൽ ബ്രൂണിക്കെൽ ഗുഹ നിയാണ്ടർത്താൽ മനുഷ്യരുടെ താൽക്കാലിക താവളം മാത്രമായിരിക്കണം. അവർ തൽക്കാലത്തേക്ക് ഒത്തുകൂടുന്ന ഒരു സ്ഥലം. കൂരിരൂട്ട് നിറഞ്ഞ ഈ ഗുഹയിൽ കയറണമെന്നുണ്ടെങ്കിൽ തീ നിർമ്മിക്കുവാനും, ഉപയോഗിക്കുവാനും അവർക്ക് നന്നായി അറിയുമായിരിക്കണം. പന്തങ്ങൾ പോലെ തീ കത്തിച്ച് അവർ ഇതിനുള്ളിൽ കയറിയിട്ടുണ്ടാവും ശേഷം മധ്യത്തിൽ തീ കത്തിച്ച് വട്ടം കൂടി ഇരുന്നിട്ടുണ്ടാവണം.
എന്നിട്ട് അവരുടേതായ ഭാഷയിൽ അവർ ആശയവിനിമയം നടത്തിയിട്ടുണ്ടാവും. അവരുടെ എന്തെങ്കിലും ആചാരരീതികൾ കൊണ്ടാണോ സ്റ്റല്ലാഗ്മൈറ്റുകൾ വൃത്താകൃതിയിൽ വെച്ചത് എന്നറിയില്ല. നേറ്റീവ് അമേരിക്കൻസ് ആരാധന സ്ഥലങ്ങളിൽ കല്ലുകൾ ഇതുപോലെ വൃത്താകൃതിയിൽ വെയ്ക്കാറുണ്ട്. പക്ഷേ എന്തിനാണ് ഇതവർ ചെയ്തത് എന്നറിയില്ലെങ്കിലും 176,000 വർഷങ്ങൾക്ക് മുൻപ് നിയാണ്ടർത്താലുകൾ ഉണ്ടാക്കിയ ഈ stalagmite circles ആണ് ഭൂമിയിലെ ആദ്യത്തെ കൃത്രിമ നിർമ്മിതി! ഇത് നാം ഹോമോ സാപ്പിയൻസല്ല, മറിച്ച് അതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മൾ ഒരുകാലത്ത് കാടൻമാർ എന്ന് വിശേഷിപ്പിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ചെയ്തത് എന്നറിയുമ്പോഴാണ് നാം ശരിക്കും അത്ഭുതപ്പെടുന്നത്. ഒരു സമൂഹം എങ്ങിനെയാണ് രൂപപ്പെട്ടത്, എങ്ങിനെയാണ് അവർ സംഘടിച്ചത്, ഒത്തുകൂടാൻ ആരംഭിച്ചത് അങ്ങിനെ നിരവധി കാര്യങ്ങളുടെ ഉത്തരമാണ് നമുക്ക് ബ്രൂണിക്കെൽ ഗുഹയിൽ നിന്നും ലഭിക്കുന്നത്.
ഇതിന് ശേഷം നാം വീണ്ടും ഇറാഖി കുർദിസ്ഥാനിലെ ഷാനിഡാർ ഗുഹയിലാക്കാണ് പോകുന്നത്. അവിടെ വീണ്ടും ഉൽഖനനം നടക്കുകയാണ്. ഇപ്രാവിശ്യം അവർക്ക് മറ്റൊരു നിയാണ്ടർത്താലിന്റെ അവശിഷ്ടങ്ങൾ കൂടി ലഭിച്ചു. ഷാനിഡാർ 4 ഉം ഷാനിഡാർ Z ഉം കിടന്നിരുന്ന അതേ സ്ഥലത്ത് നിന്ന് തന്നെയാണ് ഇതും ലഭിച്ചത്. ഇതിൽ നിന്നും നിയാണ്ടർത്താൽസ് ശവശരീരങ്ങൾ ഒരു പ്രത്യേക സ്ഥലം തന്നെയാണ് കൊണ്ട് വെച്ചിരുന്നത് എന്ന് മനസിലാക്കാം. എന്നാൽ ഈ ശരീരങ്ങൾ തമ്മിൽ നൂറുകണക്കിനോ, ആയിരക്കണക്കിനോ വർഷങ്ങളുടെ വ്യത്യാസമുണ്ട്. അതുകൊണ്ട് ഇത് കരുതിക്കൂട്ടി ഇവിടെത്തന്നെ കൊണ്ടതാണോ, അതോ അറിയാതെ സംഭവിച്ചതാണോ എന്നും സംശയമുണ്ട്. ഇതുപോലെ പറ്റിയ സാഹചര്യങ്ങളുള്ള ഗുഹകൾ പരിസരങ്ങളിൽ ഉണ്ടായിരുന്നിരിക്കില്ല. ഷാനിഡാർ Z ന്റെ അരികിൽ ഉണ്ടായിരുന്ന വെർട്ടിക്കൽ സ്ലാബ് ഈ സ്ഥലം തിരിച്ചറിയാനുള്ള അടയാളം ആയിരുന്നുവോ എന്നും സംശയിക്കാം. ഒരു കാര്യം ഉറപ്പാണ് ഷാനിഡാർ കേവ് നിയാണ്ടർത്താലുകൾക്കു എന്തോ പ്രത്യേകതയുള്ള സ്ഥലമായിരുന്നു. ഇവിടെ നിന്നും നമ്മൾ ചികഞ്ഞെടുത്ത കഥകൾക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. നിയാണ്ടർത്താൽ മനുഷ്യർ തങ്ങളുടെ കൂടെയുള്ളവരെ പരിചരിച്ചിരുന്നു, മരിച്ചവരെ പ്രത്യകം ഒരു സ്ഥലത്ത് തന്നെ അല്ലെങ്കിൽ ഒരു പ്രത്യേക ഗുഹയിൽ ത്തന്നെ ശ്രദ്ധാപൂർവ്വം കൊണ്ടെത്തിക്കുവാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ എന്തായിരുന്നു ചിന്തിച്ചിരുന്നുവെന്നത് സ്വപ്നത്തിപോലും ഊഹിക്കുവാൻ സാധ്യമല്ല.
പക്ഷേ ദുരൂഹതകൾ നിറഞ്ഞ ഷാനിഡാർ ഗുഹയിൽ നിന്നും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമുക്ക് ലഭിക്കുന്നില്ല. ഈ ഭൂമിയിൽ ഏതാണ്ട് 300,000 വർഷങ്ങളോളം ജീവിച്ച ഒരു പുരാതന മനുഷ്യവർഗം ഇന്നേക്ക് 40,000 വർഷങ്ങൾക്ക് മുൻപ് എങ്ങിയാണ് പൊടുന്നനെ അപ്രത്യക്ഷമായത് ?
അതിന്റെ ഉത്തരം തേടി നാം പോകുന്നത് മെഡിറ്ററേനിയൻ തീരങ്ങളിലേക്കാണ്. നിയാണ്ടർത്താലുകൾ അവസാന നാളുകളിൽ അവശേഷിച്ചിരുന്നത് ആ ഭാഗങ്ങളായിരുന്നു. ഗിബ്രാൽട്ടറിൽ ഇന്ന് പകുതി കടലിൽ മുങ്ങികിടക്കുന്ന ഗുഹകളിൽ ഒരു പക്ഷേ അതിന്റെ ഉത്തരം മറഞ്ഞുകിടപ്പുണ്ടാവാം. കടലിനോട് ഫേസ് ചെയ്തു നിൽക്കുന്ന നാല് ഗുഹകളാണ് ഇവിടെയുള്ളത്. ഗോർഹാംസ് കെവ് കോംപ്ലക്സ് (Gorham's Cave complex) എന്നാണ് ഈ നാല് ഗുഹകളെയും ചേർത്ത് വിളിക്കുന്നത്. 40,000 വർഷങ്ങൾക്ക് മുൻപ് ഇതിനുള്ളിൽ നിയാണ്ടർത്താലുകൾ ഉണ്ടായിരുന്ന സമയത്ത് ഈ ഗുഹകൾ കടലിൽ നിന്നും 5km ഉള്ളിലേക്ക് മാറിയാണ് ഉണ്ടായിരുന്നത്. ഒരുപക്ഷേ ഇതിനുള്ളിൽ വെച്ചാവണം ഭൂമിയിലെ അവസാനത്തെ നിയാണ്ടർത്താൽ മരണപ്പെട്ടിട്ടുണ്ടാവുക.
40,000 വർഷങ്ങൾക്ക് മുൻപ് എങ്ങിനെയാണ് അവർ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി വിടവാങ്ങിയത് എന്നുള്ളത് നമ്മെ കുഴക്കുന്ന ചോദ്യമാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഒരു കാരണമായി പറയാവുന്നത്. ആ സമയത്തുണ്ടായ ഹിമയുഗം തീവ്രതയെറിയ ഒന്നായിരുന്നു. സമുദ്രനിരപ്പ് ഇന്നത്തേതിലും വളരെ കുറവും ആയിരുന്നു. അതിനാൽ കൂടുതൽ സ്ഥലങ്ങളും, വിശാലമായ സമതലങ്ങളും അന്നുണ്ടായിരുന്നു. എങ്കിലും ഗോർഹാംസ് ഗുഹകളിൽ നിന്നും കിട്ടിയ തെളിവുകൾ അനുസരിച്ച് നിയാണ്ടർത്താലുകൾ കരയിൽ നടത്തിയിരുന്ന വേട്ടകൾ കുറച്ചതായി മനസിലാക്കാം. അവർ കടൽത്തീരങ്ങളിലേക്ക് ഇറങ്ങി കക്കയും, വത്തയ്ക്കയും (Limpet) മറ്റും കളക്ട് ചെയ്ത് കഴിക്കുവാനും ആരംഭിച്ചു. കൂട്ടത്തിൽ ചത്ത് കരയ്ക്കടിയുന്ന ഡോൾഫിൻ പോലുള്ള ജീവികളെ കൂർത്ത കല്ലുകൾ ഉപയോഗിച്ച് കഷ്ണിച്ച് കഴിച്ചതായും തെളിഞ്ഞിട്ടുണ്ട്.
കടലിൽ നിന്നും ഇത്തരത്തിൽ ഭക്ഷണം കിട്ടിയതുകൊണ്ടാവണം കടൽത്തീരത്തുണ്ടായിരുന്ന ജിബ്രാൾട്ടർ നിയാണ്ടർത്താലുകൾ കുറച്ചുകൂടികാലം പിടിച്ചു നിന്നത്. എന്തുകൊണ്ടാവും കരയിലെ വേട്ടകൾ കുറഞ്ഞത് എന്നതിന്റെ ഉത്തരവും ഹിമയുഗം തന്നെയാണ്. പല സ്ഥലങ്ങളിലും മരങ്ങൾ കുറഞ്ഞു വിശാലമായ സമതലങ്ങൾ പ്രത്യക്ഷപ്പെട്ടു. കാട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന് വേട്ട നടത്തിയിരുന്ന നിയാണ്ടർത്താലുകൾക്ക് തുറന്ന സമതലത്തിൽ മറഞ്ഞിരുന്ന് വേട്ടയാടുവാൻ സാധിക്കാതെ വന്നു. അങ്ങിനെയാവാം അവർ കടൽത്തീരങ്ങളിലേക്കും, നദികളിലേക്കും ഇറങ്ങി ഭക്ഷണം കണ്ടെത്തിത്തുടങ്ങിയത്. പക്ഷേ എല്ലാവർക്കും വേണ്ടിയത് അവർക്ക് കിട്ടുന്നുണ്ടായിരുന്നില്ല എന്ന് വേണം കരുതുവാൻ. എന്തായാലും ഭൂമിയിലാകെ അവരുടെ എണ്ണം നാൾക്ക് നാൾ കുറഞ്ഞു വന്നു.
ഭക്ഷണത്തിനായി അവർ പല സ്ഥലങ്ങളിലേക്കും മാറി മാറി യാത്ര ചെയ്തിട്ടുണ്ടാവാം. പക്ഷേ എന്നോ ഒരിക്കൽ ആ യാത്രക്കിടയിൽ അവർ അന്നുവരെയും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച കണ്ടു! മറ്റൊരു മനുഷ്യവർഗ്ഗം! അന്നേയ്ക്ക്മൂന്ന് ലക്ഷം വർഷങ്ങൾ മുൻപ് നിയാണ്ടർത്താലുകളുടെ പൂർവ്വികർ ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ എത്തിയതുപോലെ ഇന്നിതാ മറ്റൊരു മനുഷ്യവർഗ്ഗം അതേ സ്ഥലത്ത് നിന്നും എത്തിയിരിക്കുന്നു!, ഹോമോ സാപ്പിയൻസ് !
ഈ രണ്ട് മനുഷ്യവർഗ്ഗങ്ങളും ആദ്യമായി നേരിൽക്കണ്ടപ്പോൾ ഇരുവരും എങ്ങിനെയാവും പ്രതികരിച്ചത് എന്ന് നമുക്ക് പറയാനാവില്ല. ചില കൂടിക്കാഴ്ചകൾ അക്രമത്തിലാവും അവസാനിച്ചിട്ടുണ്ടാവുക. എന്നാൽ ചിലത് അങ്ങിനെയായിരുന്നില്ല. അതിന്റെ തെളിവാണ് ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരുടെയും ഡിഎൻഎ യിലുള്ള ഒരു ചെറിയ ശതമാനം നിയാണ്ടർത്താൽ DNA. തമ്മിൽ കണ്ടപ്പോൾ ആദ്യമുണ്ടായ വൈരാഗ്യം പിന്നീട് തുടർന്നുണ്ടായിരുന്നില്ല എന്ന് നമുക്ക് അനുമാനിക്കാം. 45,000 വർഷങ്ങൾക്ക് മുൻപ് മൺമറിഞ്ഞുപോയ ഒരു മനുഷ്യ വർഗ്ഗത്തിന്റെ അവശേഷിപ്പുകൾ നാം ഓരോരുത്തരിലും ഇപ്പോഴുമുണ്ട് എന്നുള്ളത് അതിശയകരമായ കാര്യം തന്നെയാണ്.
ഒരു പക്ഷേ ഒരുകൂട്ടം നിയാണ്ടർത്താലുകൾ, ഹോമോ സാപ്പിയൻസുമായി interbreeding നടത്തി അവരിൽ ലയിച്ച് ചേർന്നിട്ടുണ്ടാവാം. മറ്റൊരു കൂട്ടർ ഭക്ഷണത്തിന് വേണ്ടിയുള്ള മത്സരത്തിൽ തങ്ങളേക്കാൾ കൗശലക്കാരായ പുതിയ മനുഷ്യ വർഗ്ഗത്തിന് മുന്നിൽ അടിയറവ് പറഞ്ഞിട്ടുണ്ടാവാം. കാലയവനികയിൽ മറഞ്ഞുപോയ നിയാണ്ടർത്താലുകളുടെയും, ഡെനിസവൻ മനുഷ്യരുടെയും 2 മുതൽ 3 ശതമാനം വരെ ഡിഎൻഎ ഭൂരിഭാഗം ഇന്ത്യൻസിന്റെയും ജിനോമിൽ ഉള്ളതായിട്ടാണ് ചില പഠനങ്ങൾ പറയുന്നത്.
Secrets of the Neanderthals എന്ന ബിബിസി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി അവസാനിക്കുന്നത് ഷാനിഡാർ Z ന്റെ റിക്കൻസ്ട്രക്റ്റ് ചെയ്ത മുഖം നമ്മെ കാണിച്ചുകൊണ്ടാണ്. ഈ ഡോക്യുമെന്ററി കണ്ടിട്ടില്ലാത്തവർ നമ്മുടെ ഈ എക്സ്പ്ലേഷൻ വീഡിയോ കണ്ട ശേഷം അത് ഉറപ്പായും കണ്ടിരിക്കണം. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ അത് നിങ്ങളെ സഹായിക്കും.
നിയാണ്ടർത്താലുകളുടെ മേക്കപ്പ് ഇട്ടുകൊണ്ട് ഹോമോസാപ്പിയൻസണ് ഡോക്യുമെന്ററിയിൽ ഉണ്ടാനീളം അഭിനയിക്കുന്നത്. മുഖത്ത് വികാരങ്ങൾ ഒന്നും തന്നെ വരാതിരിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നമ്മുടെ അത്രയും വികാര ഭാവങ്ങൾ നിയാണ്ടർത്താലുകളുടെ മുഖത്ത് കാണുവാൻ സാധ്യതയില്ല എന്നുള്ള അനുമാനത്തിലാണ് അങ്ങിനെ ചെയ്തിരിക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ ഈയൊരു ഐസ് ബ്രേക്ക് ആവുന്നത് നമുക്ക് കാണാം. കൂടാതെ ഷാനിഡാർ 1 മുതൽ ഷാനിഡാർ Z വരെയുള്ള അസ്ഥികൂടങ്ങളുടെ കിടപ്പും മറ്റും VFX ൽ ചെയ്തു കാണിക്കുന്നതിനാൽ കാര്യങ്ങൾ കൂടുതൽ മനസിലാക്കുവാനും സാധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പാട്രിക്ക് സ്റ്റിവാർട്ടിന്റെ അതുല്യമായ നരേഷനും, നമ്മെ ഒരു ലക്ഷം വർഷങ്ങൾ പുറകിലേക്കെത്തിക്കുന്ന ബാക്ഗ്രൗണ്ട് സ്കോറും കൂടെ ആവുമ്പോൾ ഈ ഡോക്യുമെന്ററി നന്നായി തന്നെ ആസ്വദിക്കുവാൻ സാധിക്കും.