പൂമ്പാറ്റ , ബാലരമ , ബാലമംഗളം , ബാലഭൂമി , കുട്ടികളുടെ ദീപിക ...... തുടങ്ങിയവയിലേതെങ്കിലും ഒരെണ്ണമാവണം നമ്മുടെ കുഞ്ഞുകൈകളിൽ ആദ്യമെത്തിയ പുസ്തകങ്ങൾ . എന്നാൽ ഇത് കൈയ്യിൽ കിട്ടിയാലോ ? ആദ്യം നോക്കുക അതിനുള്ളിലെ ചിത്രകഥകളാവും . കപീഷും , ഡിങ്കനും , കാലിയയുമൊക്കെ നമ്മുടെ സൂപ്പർ ഹീറോകളായിരുന്ന ഒരു കാലം . വീണ്ടുമൊരിക്കൽ കൂടി അവരെ വായിച്ചപ്പോൾ തോന്നിയ കൗതുകമാണ് ചിത്രകഥകളുടെ ചരിത്രത്തിലേക്കൊന്ന് ഊളിയിടുവാൻ എന്നെ പ്രേരിപ്പിച്ചത് . 17,000 വർഷങ്ങൾക്ക് മുൻപ് ഫ്രാൻസിലെ ലെസോക്‌സ് ഗുഹകളിൽ മൃഗങ്ങളെ പോറിയിട്ട നമ്മുടെ ആ പൂർവ്വപിതാമഹൻ അന്നറിഞ്ഞോ താൻ വരക്കുന്നത് ഭൂമിയിലെ ആദ്യ ചിത്രകഥയാണെന്ന് ? അവിടെ നിന്നും തുടങ്ങിയ ചിത്രകഥകൾ പിന്നീട് തൂണിലേയ്ക്കും , തുണിയിലേയ്ക്കും , കടലാസിലേയ്ക്കും മാറ്റി വരയ്ക്കപ്പെട്ടു . ഇന്ന് ടിവിയിൽ ആനിമേഷനുകൾ കാണുമ്പോൾ നാമറിയണം ഈ ചിത്രങ്ങളുടെ പുറകിൽ ഇത്രയും വർഷത്തെ കഥകൾ ഒളിഞ്ഞിരുപ്പുണ്ടെന്ന് .
ചിത്രങ്ങളിലൂടെ കഥപറയുന്ന രീതിയാണ് ചിത്രകഥകൾ . എന്നുമുതലാണ് ഈ രീതിയിലുള്ള കഥപറച്ചിലുകൾ ആരംഭിച്ചത് എന്ന് വ്യക്തമായ രേഖകളൊന്നുമില്ലെങ്കിലും എവിടെയൊക്കെ പ്രാചീനനാഗരികതകൾ ഉടലെടുത്തുവോ അവിടെയൊക്കെ ഇത്തരം ചിത്രകഥകളുടെ തെളിവുകൾ ഗവേഷകർ കണ്ടെടുത്തിട്ടുണ്ട് . കണ്ടുപിടിച്ചിട്ടുള്ളവയിൽ ഏറ്റവും പഴക്കം ചെന്ന ചിത്രകഥാ സൃഷ്ടി, ഫ്രാൻസിലെ ലാസോക്‌സ് ഗുഹകളിലാണ് ഉള്ളത് . പതിനേഴായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഈ ഗുഹയിലെ ചിത്രങ്ങൾ അനേകം തലമുറകൾ പലപ്പോഴായി വരച്ച് ചേർത്തതാണ് . ഇങ്ങനെ അവർ വരച്ചുചേർത്ത ആറായിരത്തോളം ചിത്രങ്ങൾ വേട്ടക്കഥകളെയാവാം സൂചിപ്പിക്കുന്നത് എന്നാണു ഗവേഷകർ കരുതുന്നത്. പ്രചാരം സിദ്ധിച്ച , ഈജിപ്തിലെ ഹൈറോഗ്ലിഫുകൾ മാനവസംസ്കാരങ്ങളിലെ ആദ്യകാല ചിത്രകഥകളിലൊന്ന് തന്നെയാണ് . തലച്ചോറിലെ വിജനമായ കോണുകളിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും ആലേഖനം ചെയ്‌താൽ അതെല്ലാം ഓർമ്മയുടെ സംഭരണിയിൽ മരിക്കുവോളം കെടാതെ നിൽക്കുമെന്ന തിരിച്ചറിവ് നമ്മുടെ ഏത് പിതാമഹനായിരിക്കണം ആദ്യമുണ്ടായത് ?
രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ റോമിൽ നിർമ്മിതമായ ട്രാജൻ തൂൺ, ചിത്രബിംബങ്ങളുടെ ആദ്യകാല വകഭേദമാണ് . ട്രാജൻ ചക്രവർത്തി, തന്റെ യുദ്ധവിജയങ്ങളാണ് ചിത്രങ്ങളിലൂടെ നമ്മെ വരച്ചുകാട്ടുന്നത് . ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പിന്നീട് ലോകമെമ്പാടും ഇത്തരം ചിത്രരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു . ട്രാജൻ തൂണിൽ, ഒരു സംഭവത്തിന്റെ തുടർച്ചയായ ചിത്രങ്ങളാണ് വരച്ച് ചേർത്തിട്ടുള്ളെതെങ്കിൽ ഈജിപ്ഷ്യൻ ശിലകളിൽ ചിത്രങ്ങളും , വാക്കുകളും ഒരേപോലെ തന്നെ പ്രയോഗിച്ചിട്ടുണ്ട് .
എന്നാൽ പതിനൊന്നാം നൂറ്റാണ്ടിലെത്തിയതോടു കൂടി ചിത്രലേഖനങ്ങൾ തൂണിൽ നിന്നും തുണിയിലേക്ക് മാറ്റപ്പെട്ടു . ബയൂക്സ് റ്റാപ്സ്ട്രി എന്നാണ് ആ നിർമ്മിതിയുടെ പേര് . എഴുപത് മീറ്ററോളം നീളമുള്ള ഒരു തുണിയിൽ തുടർച്ചയായി അത്രയും തന്നെ ചിത്രങ്ങളും , കൂടെ ലാറ്റിൻ ഭാഷയിലുള്ള കുറിപ്പുകളും തുന്നിച്ചേർത്തിരിക്കുകയാണ് . ഇതും, പതിവുപോലെ തന്നെ മറ്റൊരു യുദ്ധചരിത്രം തന്നെയായിരുന്നു . എന്നാൽ ഇതിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഹാംബർഗിലെ ബിഷപ്പായിരുന്ന ഓസ്‌ക്കാർ , ബൈബിളിലെ ചില രംഗങ്ങൾ മൃഗത്തോലുകളിൽ ചിത്രങ്ങളും , ലാറ്റിൻ വാചകങ്ങളും ചേർത്ത് നിർമ്മിച്ച് തുടങ്ങിയിരുന്നു . "പൗപ്പേഴ്‌സ് ബൈബിൾ" എന്നാണ് ഇത്തരം സചിത്ര ബൈബിളുകൾ അറിയപ്പെട്ടിരുന്നത് . പിന്നീട് ഇതിൽ നിറങ്ങളും ചേർത്തതോടെ അവയ്ക്ക് ഇന്നത്തെ ചിത്രകഥകളുടെ രൂപവും മാനവും കൈവന്നു . ഇതിന് സമാന്തരമായി പള്ളികളിലെയും , കൊട്ടാരങ്ങളിലെയും ജനലുകളിലും , വാതിലുകളിലും ഉണ്ടായിരുന്ന ചില്ലുകളിൽ നിറക്കൂട്ടോടെ ബൈബിൾ രംഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി . ക്രിസ്തുവിന്റെ ജനനരംഗമായിരുന്നു അന്നത്തെ കലാകാരന്മാരുടെ ഇഷ്ടവിഷയം .
പക്ഷെ, ഈജിപ്ഷ്യൻ ഹൈറോഗ്ലിഫുകൾ മുതൽ പൗപ്പേഴ്‌സ് ബൈബിൾ വരെയുണ്ടായിരുന്ന നിർമ്മികൾ സാധാരണ ജനങ്ങളിലേയ്ക്ക് ഒരിക്കലും എത്തിയിരുന്നില്ല . അച്ചടി വ്യാപകമായതോടുകൂടിയാണ് ചിത്രകഥകളുടെ സുവർണ്ണയുഗം ആരംഭിക്കുന്നത് . ചിത്രങ്ങളുടെ മീതെ അക്ഷരങ്ങൾ ചേർക്കുക എന്നത് അതിന് മുൻപ് വരെയും കലാകാരമാർക്ക് പ്രയാസം തന്നെയായിരുന്നു . ആദ്യകാലങ്ങളിൽ മതപരമായ കാര്യങ്ങളിൽ മാത്രമാണ് അച്ചടിമഷി പുരണ്ടിരുന്നതെങ്കിലും പിന്നീട് , പതിനേഴാം നൂറ്റാണ്ടോട് കൂടി രാഷ്ട്രീയവും , മനുഷ്യജീവിതങ്ങളും , കഥകളും യന്ത്രങ്ങളിലും നിന്നും പുറത്തുവന്നു തുടങ്ങി .
ഇക്കാലയളവിലാണ് , സംഭാഷങ്ങൾ സൂചിപ്പിക്കുവാനായി സ്പീച്ച് ബലൂണുകൾ ചിത്രങ്ങളുടെ കൂടെ ചേർക്കുവാൻ ആരംഭിച്ചത് . സത്യത്തിൽ ആറാം നൂറ്റാണ്ടിലെ മധ്യഅമേരിക്കൻ ലിഖിതങ്ങളിലും , രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് ചുരുളുകളിലും, ജോർദാനിലെ പ്രാചീന ഭിത്തികളിലും ഇതിന്റെ പ്രാകൃത രൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു . പിന്നീട് സംസാരത്തിനും , ചിന്തകൾക്കും വ്യത്യസ്തമായ ബബിളുകൾ ഉപയോഗിച്ചു തുടങ്ങി .
എന്തായാലും , കോമിക്സുകൾ സാവധാനം പ്രചരിച്ചുതുടങ്ങി . ഇന്നത്തെ രീതിയിലുള്ള ചിത്രലേഖനങ്ങളുടെ ആദ്യപിതാക്കന്മാരിൽ പ്രഥമസ്ഥാനീയൻ വില്യം ഹോഗാർത്ത് ആണ് . ആയിരത്തി എഴുന്നൂറുകളുടെ തുടക്കത്തിൽ എട്ട് ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി . പതുക്കെ പതുക്കെ വാരികകളും , പത്രങ്ങളും പ്രകാശം കണ്ടതോടെ കോമിക്സുകൾ സാവധാനം രൂപം മാറിത്തുടങ്ങി. The Glasgow Looking Glass,, ആണ് അറിയപ്പെടുന്നയിൽ വെച്ച് ആദ്യം അച്ചടിച്ചിറങ്ങിയ കോമിക്സ് മാഗസിൻ എന്ന് പറയപ്പെടുന്നു . 1826 ൽ പുറത്തിറങ്ങിയ അതിലെ വിഷയം , ഫാഷനും, രാഷ്ട്രീയവും ആയിരുന്നു . അക്കാലയളവിലാണ് , പത്രങ്ങളിലും , വാരികകളും സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചിത്രശകലങ്ങൾക്ക് കാർട്ടൂൺ എന്ന വിളിപ്പേർ ചാർത്തിക്കിട്ടിയത് .
കടലാസ് എന്നർഥമുള്ള ‘കാർട്ടോൺ’ എന്ന ഇറ്റാലിയൻ പദത്തിൽനിന്നാണ് ഹാസ്യചിത്രം എന്നർഥം വരുന്ന ‘കാർട്ടൂൺ’ എന്ന ഇംഗ്ളീഷ് പദമുണ്ടായത്. കാർട്ടൂൺ, പിന്നീട് ആനിമേഷന് വഴിമാറിയത് നമുക്കറിയാവുന്ന ചരിത്രമാണല്ലോ . 1841ൽ ‘പഞ്ച്’ എന്ന മാസികയുടെ പ്രസിദ്ധീകരണം ബ്രിട്ടണിൽ കാർട്ടൂണുകൾക്ക് നല്ല രീതിയിൽ പ്രചാരം നേടിക്കൊടുത്തു . ഇതിനു തുല്യമായ സ്ഥാനമുള്ള മാസികകൾ ഓരോ രാജ്യത്തും വെവ്വേറെ കാലക്രമേണ പ്രകാശിതമായി. അമേരിക്കയില്‍ മാഡ്. റഷ്യയില്‍ ക്രോക്കഡൈല്‍. ഇന്ത്യയില്‍ ശങ്കേഴ്‌സ് വീക്കിലി അതായിരുന്നു ക്രമം .
കാർട്ടൂണുകളിൽ സ്ഥിരമായി ഒരു കഥാപാത്രം തുടർച്ചയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1884 ൽ അച്ചടിയാരംഭിച്ച ബ്രിട്ടീഷ് ഹാസ്യമാസികയായിരുന്ന Ally Sloper's Half Holiday, യിൽ ആയിരുന്നു . Ally Sloper എന്ന് തന്നെയായിരുന്നു ആ കഥാപാത്രത്തിന്റെ പേര് .
അങ്ങിനെ ഇരുപതാംനൂറ്റാണ്ട് പിറന്നുവീണു . കാർട്ടൂണുകളിലെ സൂപ്പർ ഹീറോകൾ സാവധാനം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യ സൂപ്പർ കഥാപാത്രമായ ടിൻടിൻ 1929 ൽ ഫ്രഞ്ച് പത്രത്താളുകളിൽ തന്റെ സാന്നിധ്യമറിയിച്ചു . 1934 ൽ മാൻഡ്രേക്ക് ദി മജീഷ്യനും പുറകെ ഫാന്റവും എത്തിച്ചേർന്നു . 1938 ൽ ആക്ഷൻ കോമിക്സ് മാഗസിനിലൂടെ സൂപ്പർമാനും രംഗപ്രവേശം ചെയ്തു . അതേ കാലയളവുകളിൽ ഡെന്നിസ് ദി മെനസും മനുഷ്യമനസുകളിൽ ഇടംതേടിയിരുന്നു . ഇതേസമയം ഭാഷയുടെ ഉത്ഭവം മുതൽ തന്നെ കാർട്ടൂണുകൾ തഴച്ചുവളർന്നിരുന്ന ജപ്പാനിൽ ഒട്ടനവധി മാഗസിനുകളും , കഥാപാത്രങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . മാൻഗ എന്നായിരുന്നു ജപ്പാനിൽ കോമിക്സിന്റെ അപരനാമം . തഴച്ചുവളരുന്ന മാൻഗ , ജപ്പാനിൽ അനേകം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചൈന പോലുള്ള അയൽരാജ്യങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു . ഒരേ കഥാപാത്രത്തിന്റെ തുടർച്ചയായുള്ള വരകൾ ചേർത്ത് ജപ്പാൻകാർ ആനിം എന്ന കാർട്ടൂൺ പരമ്പരകൾ സൃഷ്ടിക്കുകയും , അത് പിന്നീട് ഇഗ്ളീഷിൽ ആനിമേഷൻ എന്ന പേരിന് കാരണമാകുകയും ചെയ്തു . കോമിക് ബുക്കുകളെ ജപ്പാൻകാർ റ്റാങ്കോബോൺ എന്നാണ് വിളിക്കുന്നത് . അതായത്, അമേരിക്കയിലെയും, യൂറോപ്പിലെയും , ജപ്പാനിലെയും കാർട്ടൂൺ ചരിത്രം തികച്ചും വിഭിന്നങ്ങളാണ് .
1938 മുതൽ 56 വരെയുള്ള കാലഘട്ടത്തെ കോമിക്സിന്റെ സുവർണ്ണകാലം എന്നാണ് വിളിക്കുന്നത് .
ഇപ്പോഴറിയപ്പെടുന്ന പേരുകളിലല്ലെങ്കിലും മാർവെൽ കോമിക്‌സും ,ഡിസി കോമിക്‌സും സ്ഥാപിതമായത് ആ സമയത്താണ് . ക്യാപ്റ്റൻ മാർവെല്ലും , ക്യാപ്റ്റൻ അമേരിക്കയും , വണ്ടർ വുമണുമൊക്കെ അക്കാലയളവിലാണ് രംഗപ്രവേശനം ചെയ്തത് . സൂപ്പർമാനും , ബാറ്റ്മാനുമൊക്കെ അന്ന് ഒന്നരമില്യൺ കോപ്പികൾ വരെ വിറ്റഴിഞ്ഞിരുന്നു ! ഇതേ സമയം അമേരിക്കയിൽ തന്റെ ആനിമേഷൻ കഥാപാത്രങ്ങളുമായി സാക്ഷാൽ വാൾട്ട് ഡിസ്‌നി അരങ്ങുതകർക്കുകയായിരുന്നു . 1928 ൽ സിനിമയ്ക്കായി സൃഷ്ടിക്കപ്പെട്ട മിക്കി മൗസ് , 1930 ൽ ന്യൂസ്‌പേപ്പറുകളിൽ അച്ചടിച്ച് വന്നുതുടങ്ങി . ഇക്കാലയളവുകളിൽ പ്രശസ്തരായ കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിച്ച് ഇതര പ്രസാധകർ സമാന കഥാപാത്രങ്ങളെ നിർമ്മിക്കുകയും അത് കാർട്ടൂൺ രംഗത്തെ പകർപ്പവകാശ യുദ്ധങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു . 1934 ലെ പത്രത്താളുകളിൽ പിൽക്കാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായ മജീഷ്യനായ മാൻഡ്രേക്ക്, ലീ ഫാക്കിന്റെ കരവിരുതിൽ പ്രത്യക്ഷപ്പെട്ടു . രണ്ടു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഫാന്റവും പുറത്തിറക്കി . 1940 ൽ ടോം ആൻഡ് ജെറിയും കാർട്ടൂൺ ലോകത്തിലേയ്ക്ക് പിറന്നുവീണു . ലോക കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഡേവിഡ് ലോ , ഇക്കാലയളവിലാണ് തന്റെ പ്രശസ്തമായ രാഷ്ട്രീയ കോമിക് സ്ട്രിപ്പുകൾ സൃഷ്ടിച്ചത് .
ഇനി നമ്മുക്ക് ഭാരതത്തിലേക്ക് വരാം . തടികളിലും, കല്ലുകളിലും ശില്പങ്ങൾ കൊത്തിയിരുന്ന നാം കാർട്ടൂൺ ലോകത്തിന് അന്യരായിരുന്നില്ല . 1947 ൽ ചന്ദാമാമ എന്നൊരു കാർട്ടൂൺ മാഗസിൻ തമിഴിലും, തെലുങ്കിലും പിന്നീട് കന്നടയിലും ഇറങ്ങിയിരുന്നു . രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങളിലെ കഥകളായിരുന്നു കുട്ടികൾക്ക് മനസിലാവും വിധം അതിൽ അച്ചടിച്ചിരുന്നത് . 1952 മുതൽ ഇത് മലയാളത്തിലും ലഭ്യമായിരുന്നു . അതെ വർഷം ഗുജറാത്തി ഭാഷയിൽ
രാമക്ടു എന്ന മാഗസിനിൽ രംഗ് ലഖുടി എന്ന പേരിൽ ഒരു കോമിക് സ്ട്രിപ്പ് പ്രസിദ്ധീകരിച്ചിരുന്നു . പ്രശസ്തനായ ആബിദ് സുർതി ആയിരുന്നു അതിന്റെ സൃഷ്ടാവ് . ആദ്യ ഇന്ത്യൻ സൂപ്പർ ഹീറോ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന ബഹാദൂറിനെയും , പിന്നീട് അച്ചടിയ്ക്കപ്പെട്ട, ഇൻസ്‌പെക്ടർ വിക്രം, ഇൻസ്‌പെക്ടർ ആസാദ് എന്നിവരെയും സൃഷ്ടിച്ചത് ആബിദ് സുർതി തന്നെയായിരുന്നു ! ടാർസന്റെ ഇന്ത്യൻ അനുകരണമായിരുന്ന ഷുജ എന്ന കഥാപാത്രവും ഇതേകൈകളാൽ തന്നെയാണ് രചിക്കപ്പെട്ടത് . നീണ്ട മുപ്പത് വർഷങ്ങളോളം തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട് റെക്കോർഡിട്ട ദാബുജി എന്ന കഥാപാത്രവും ആബിദ് സുർതിയുടെ തന്നെയാണ് .
1964 ൽ പ്രശസ്തരായ ഇന്ദ്രജാൽ കോമിക്സ് രംഗത്ത് വന്നു . ഫാന്റവും , മാൻഡ്രേക്കും പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം . പിന്നീട് മലയാളം ഉൾപ്പടെ പലഭാഷകളിൽ അവർ കോമിക്സുകൾ പ്രസിദ്ധീകരിച്ചു . 1971 ൽ ചാച്ചാ ചൗധരി എന്ന കഥാപാത്രവുമായി പ്രാൺ കുമാർ ശർമയും കാർട്ടൂൺ രംഗത്ത് ചുവടുറപ്പിച്ചു . ആദ്യത്തെ തനി ഇന്ത്യൻ കോമിക് കഥാപാത്രമായി ചാച്ചാ ചൗധരിയെ ചിലർ വിശേഷിപ്പിക്കാറുണ്ട് . 1967ൽ ഇന്ത്യൻ കാർട്ടൂൺ രംഗത്തെ ആകെമൊത്തം മാറ്റിമറിച്ചുകൊണ്ട് അനന്ത് പൈ , അമർചിത്രകഥകൾക്ക് തുടക്കം കുറിച്ചു . ആദ്യം ശ്രീകൃഷ്ണന്റെ കഥകളും, തുടർന്ന് രാമായണവും, മഹാഭാരതവും അവർ പ്രസിദ്ധീകരിച്ചു . കപീഷ് എന്ന അത്ഭുതവാലൻ കുരങ്ങും അദ്ദേഹത്തിന്റെ സൃഷ്ടിയാണ് . അമർചിത്രകഥകൾക്ക് തൊട്ടുപിറകെ ,1978 ൽ ഡയമണ്ട് കോമിക്സ് അവരുടെ സൂപ്പർ ഹീറോ ആയിരുന്ന ഫൗലാദി സിംഗിനെ അവതരിപ്പിച്ചു . രണ്ടു വർഷങ്ങൾക്ക് ശേഷം കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ഇന്ത്യൻ കോമിക്സ് മാഗസിൻ<strong> ട്വിങ്കിൾ</strong> , അനന്ത് പൈയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു . ശുപ്പാണ്ടിയും, ശിക്കാരി ശംബുവും , കാലിയയും ട്വിങ്കിളിലാണ് ആദ്യമായി വെളിച്ചം കണ്ടത് . 1987 ൽ സൂപ്പർ കമാൻഡോ ധ്രുവയുമായി രാജ് കോമിക്സ് ഈ രംഗത്ത് കാലെടുത്തുവെച്ചു . പിന്നീടങ്ങോട്ട് മലയാളിയായ ജോർജ് അപ്പൂപ്പൻ മാത്തൻ വരെയുള്ളവർ കോമിക്സിന്റെ ആധുനിക മേഖലകൾ നമ്മുക്ക് പരിചയപ്പെടുത്തിത്തന്നു . രാഷ്ട്രീയ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ പിതാവ് ശങ്കർ തന്നെയായിരുന്നു ഇന്ത്യയിലെ കാർട്ടൂണുകളുടെ മുഖ്യപ്രചാരകൻ . ഭാരതത്തിലെ ഒട്ടുമിക്ക കാർട്ടുണിസ്റ്റുകളുടെയും ഈറ്റില്ലം ശങ്കേഴ്സ് വീക്കിലി ആയിരുന്നു . പി.കെ.എസ് കുട്ടി, അബു എബ്രഹാം, ഒ.വി.വിജയന്‍, ടി.സാമുവല്‍, രംഗ, യേശുദാസന്‍, കേരളവര്‍മ്മ, ബി.എം.ഗഫൂര്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകള്‍ ശങ്കറുടെ ശിഷ്യന്മാരായിരുന്നു . ഇതിനോടൊപ്പം , ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച> ആർ.കെ. ലക്ഷ്മണിനെ നമ്മുക്ക് വിസ്മരിക്കാനാവില്ല. കൂടാതെ ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവൽ ആയിരുന്നു .
ഇനി നമ്മുടെ കേരളത്തിലേക്ക് വരാം . പൂർണ്ണമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആഴ്ചപ്പതിപ്പുകളിലും വാരികകളിലുമാവണം ആദ്യകാല മലയാള കോമിക് ശകലങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് . 1919 ൽ വിദൂഷകൻ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച മഹാക്ഷാമദേവത എന്ന കാർട്ടൂൺ ആണ് അറിയപ്പെടുന്നവയിൽ ഏറ്റവും ആദ്യത്തേത് (WIKI) . സഞ്ജയന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘സഞ്ജയൻ’, ‘വിശ്വരൂപം’ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാർട്ടൂണുകൾ പുറത്തുവന്നത്. 1965 ൽ കുങ്കുമം വാരികയിൽ കാർട്ടൂൺ വരച്ച് തുടക്കമിട്ട കെ സോമനാഥൻ നായരുടെ സൃഷ്ടിയായിരുന്നു , പിൽക്കാലത്ത് സിനിമയാക്കപ്പെട്ട CID നസീർ . സിനിമയിലെന്നപോലെ നമ്മുടെ ആദ്യകാല കോമിക്സ് ചരിത്രത്തിനും തമിഴകവുമായി അഭേദ്യബന്ധമുണ്ട് . തമിഴിൽ പ്രസിദ്ധീകരിച്ചിരുന്ന മുത്തുകോമിക്സിലെ ഇരുമ്പുകൈ മായാവി അതേ പേരിലും പിന്നീട് 1972 ൽ ഉരുക്കുകൈ മായാവി എന്ന പേരിലും മലയാളത്തിൽ എത്തിച്ചത് പാലക്കാടുകാരനായിരുന്ന കണ്ണാടി വിശ്വനാഥൻ ആയിരുന്നു . അദ്ദേഹം തന്നെയാണ് അക്കാലത്തു സിഐഡി മൂസാ എന്ന ചിത്രകഥാ നായകനെ രംഗത്തെത്തിച്ചതും . യന്ത്രത്തോക്കിൽ നിന്നും പുറപ്പെടുന്ന "ടമാർ പടാർ" എന്ന ശബ്ദം വിശ്വനാഥന്റെ സംഭാവനയാണ് . CID മഹേഷ് , CID മൈക്കിൾ , റോവോൾവർ റിംഗോ തുടങ്ങിയ കഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിച്ചിരുന്നു . അച്യുതൻ ബുക്ക്സ് ആയിരുന്നു ഇതെല്ലാം പ്രസിദ്ധീകരിച്ചിരുന്നത് . ഇരുമ്പ്കൈ മായാവി, പിന്നീട് രഹസ്യ ദ്വീപ്, സർപ്പദ്വീപ് , മഞ്ഞുകട്ട രഹസ്യം എന്നീ പേരുകളിലും പുറത്തിറങ്ങിയിരുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര സൃഷ്ടിച്ചത് സംവിധായകൻ അരവിന്ദൻ ആയിരുന്നു .
പി . എ വാരിയർ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ പൂമ്പാറ്റയിൽ ആണ് ഇന്ന് നാം കാണുന്ന പല കാർട്ടൂൺ കഥാപാത്രങ്ങളും വെളിച്ചംകണ്ടത് . എൺപതുകളുടെ തുടക്കത്തിൽ ഇന്ദ്രജാൽ കോമിക്‌സും , ഉരുക്ക്കൈ മായാവിയുമായി 1982 ൽ റീഗൽ കോമിക്‌സും മലയാള കോമിക്സ് രംഗത്തേക്ക് എത്തിച്ചേർന്നു . തുടർന്ന് മോഡസ്റ്റി ബ്ലൈസും , ജെയിംസ് ബോണ്ടും റീഗൽ പ്രസിദ്ധീകരിച്ചു . ഇതിനോടൊപ്പം വിദ്യാർത്ഥിമിത്രവും കോമിക്സുകൾ പ്രസിദ്ധീകരിച്ചിരുന്നു . ഇതിനോടൊപ്പവും പത്രങ്ങളിൽ പല ഭാഗങ്ങളായും, ബാലരമ , ബാലമംഗളം , പൂമ്പാറ്റ, യുറീക്ക, കുട്ടികളുടെ ദീപിക , മലർവാടി , തളിര്, തത്തമ്മ, ബാലഭൂമി, തുടങ്ങിയ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ വഴിയും ഡിങ്കൻ , കപീഷ്, മക്കു , ശിക്കാരി ശംഭു , സൂത്രൻ , കാലിയ , മായാവി , ശുപ്പാണ്ടി, ഡിറ്റക്ടീവ് വിക്രം, നസിറുദ്ദീന്‍ ഹോജ , പപ്പൂസ്, മന്ത്രിയുടെ തന്ത്രങ്ങൾ , വാംബ, വിക്കി , ജമ്പനും തുമ്പനും, മൃഗാധിപത്യം വന്നാൽ, കലൂലൂ , കാട്ടിലെ കിട്ടൻ, റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ, ജിമ്പാലു, ആനമൊട്ട, മാജിക് മാലു , മീശമാർജ്ജാരൻ, ഇ - മാൻ, മല്ലനുണ്ണിയും വില്ലനുണ്ണിയും, സൈലൻറ് വാലൻ, കുഞ്ചൂസ് തുടങ്ങിയ കഥാപാത്രങ്ങൾ ജനിച്ചു . 1990 ൽ റീഗൽ വീണ്ടും മാൻഡ്രേക്കും , ഫാന്റവുമായി മലയാളികളുടെ ഇടയിലേക്കിറങ്ങി വന്നു . ഇതിനിടയിൽ കാർട്ടൂണിസ്റ്റ്; ടോംസ് , തന്റെ ഹാസ്യചിത്രകഥയായ ബോബനും മോളിയും വഴി , മലയാളികളുടെ ഇടയിൽ പ്രത്യേകസ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു
കാർട്ടൂണുകൾ പത്രങ്ങൾവഴിയും , വാരികകൾ വഴിയും സ്ഥാനമുറപ്പിച്ചപ്പോൾ , മലയാളത്തിലെ കോമിക്സ് രംഗം പിന്നീട് ക്ഷീണത്തിന്റെ പാതയിലായിരുന്നു .കമ്പ്യൂട്ടർ ഗെയിമുകളുടെ വരവ് കോമിക്സ് ബുക്കുകൾ സാരമായി ബാധിച്ചു എന്നാണ് കരുതപ്പെടുന്നത് . കൂടുതൽ വായനക്കാരെ ലക്ഷ്യമിട്ടുകൊണ്ട് എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ശനി അമേരിക്കയിൽ കോമിക് ബുക്ക് ഡേ ആയി ഇപ്പോൾ ആഘോഷിക്കുന്നുണ്ട് . നമ്മുക്കും ആവേശത്തിന് വകയുണ്ട് . ഇക്കഴിഞ്ഞ 2019 മാർച്ച് പതിനഞ്ചിന് റീഗൽ കോമിക്സ്, ഫാന്റത്തിനും മാൻഡ്രേക്കിനും ഒരു പുതുജന്മം നല്കിത് മലയാളകോമിക്സ് രംഗം വീണ്ടും സജീവമാക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം .