മനുഷ്യർ മനുഷ്യരെ അടിമകളാക്കി വെയ്ക്കുന്ന സമ്പ്രദായത്തിന് മനുഷ്യവംശത്തിന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്. നമ്മുടെ കൊച്ചുകേരളം മുതൽ അങ്ങ് അമേരിക്കവരെയുള്ള സ്ഥലങ്ങളിൽ നൂറ്റാണ്ടുകളോളം അടിമസമ്പ്രദായം നിലനിന്നിരുന്നു. 1855ലാണ് കൊച്ചിയും, തിരുവിതാംകൂറും നിയമപരമായി അടിമത്വം അവസാനിപ്പിച്ചത്. മുഗൾ ഭരണകാലത്ത് അടിമകളെ ഇന്ത്യയിൽ തന്നെയാണ് ജോലി ചെയ്തിച്ചിരുന്നതെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ ആഫ്രിക്കയിലേക്കും, തെക്കേ അമേരിക്കയിലേക്കും മറ്റും ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ അടിമകളാക്കപ്പെട്ടത് ആഫ്രിക്കയിലാണ്. ആഫ്രിക്കക്കാരെ മറ്റുള്ളവർ പുറത്തേക്ക് അടിമകളായി കൊണ്ടുപോകുന്നതിന് മുൻപ് തന്നെ ആഫ്രിക്കയിൽ അടിമസമ്പ്രദായം നിലവിലുണ്ടായിരുന്നു.
ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ തടവുകാരായി പിടിച്ചിരുന്നവരെയാണ് എതിരാളികൾ അടിമകളാക്കിയിരുന്നത്. പിന്നീട് ഇത്തരം അടിമകളെ യുറോപ്യൻസും, അറബികളും, ഇന്ത്യയിൽ നിന്നുള്ള ഗുജറാത്തി കച്ചവടക്കാരും വാങ്ങിത്തുടങ്ങിയതോടെ ആഫ്രിക്കൻ അടിമകൾ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേർന്നു. പോർച്ചുഗീസുകാരും, മുഗളന്മാരും, അറബികളും, ഗുജറാത്തി കച്ചവടക്കാരുമാണ് ആഫ്രിക്കൻ അടിമകളെ ഇന്ത്യയിൽ എത്തിച്ചത്.
എന്നാൽ മറ്റ് സ്ഥലങ്ങളിൽ ചെന്ന്പെട്ട അടിമകളുടെ അവസ്ഥയായിരുന്നില്ല ഇന്ത്യയിലേക്ക് വന്ന ആഫ്രിക്കൻ അടിമകൾക്ക് ഉണ്ടായിരുന്നത്. അമേരിക്കയിലും മറ്റും തോട്ടംപണികൾക്കും, വീട്ടുപണികൾക്കും ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെയുള്ള അടിമകൾക്ക് അതായിരുന്നു പണി. അറബിനാടുകളിലും അവർക്ക് കൂടുതലും വീട്ടുപണികളാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്ത്യയിൽ ഈ പണികളെല്ലാം ചെയ്യുവാൻ ഇവിടെതന്നെ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആഫ്രിക്കൻ അടിമകളെ തോട്ടപ്പണിയോ, വീട്ടുപണിയോ ചെയ്യിക്കേണ്ട ആവശ്യം ഇന്ത്യൻ യജമാനന്മാർക്ക് ഉണ്ടായിരുന്നില്ല. നല്ല കായബലവും, ആരോഗ്യമുള്ള ആഫ്രിക്കൻസിനെ ഇന്ത്യൻ യജമാനന്മാർ തങ്ങളുടെ അംഗരക്ഷകരായും, സൈനികരായും നിയോഗിക്കുകയാണ് ചെയ്തത്.
കൂടുതൽ ആഫ്രിക്കൻ അടിമകൾ സൈന്യത്തിലുള്ളതും, അംഗരക്ഷകരായി കൂടെയുള്ളതും പലർക്കും അഭിമാനമായിരുന്നു. അടിമയായി ഇന്ത്യയിൽ എത്തി, പിന്നീട് സൈനികനായി, അവസാനം ഉയർന്ന സ്ഥാനങ്ങളിലെത്തിയ ചില ആളുകളെ ചരിത്രത്തിൽ തിരഞ്ഞാൽ നമ്മുക്ക് കാണാവുന്നതാണ്. എന്നാൽ ഇന്ത്യയിലെത്തിയ ആഫ്രിക്കൻ അടിമകൾക്കെല്ലാം സൈന്യത്തിൽ ജോലി ചെയ്യുവാനോ, അതുവഴി സമൂഹത്തിൽ ഉയർന്നു വരുവാനോ സാധിച്ചില്ല. ഭൂരിഭാഗംപേരും സാധാരണ ജോലികൾ തന്നെ ചെയ്താണ് കഴിഞ്ഞിരുന്നത്.
ഇന്ത്യയിൽ എത്തിച്ചേർന്ന ആഫ്രിക്കൻ അടിമകൾ പൊതുവെ സിദ്ധി (Siddi) എന്ന പൊതുനാമത്തിലാണ് അറിയപ്പെടുന്നത്. എന്നാൽ ബംഗാൾ സുൽത്താന്മാരുടെ കീഴിലുണ്ടായിരുന്ന ആഫ്രിക്കൻ ഗാർഡുകൾ ഹബ്ഷി (Habshi) എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇവർ പിന്നീട് ഭരണം പിടിച്ചെടുക്കുകയും ഏതാണ്ട് ഏഴുവർഷക്കാലം ബംഗാൾ ഭരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തനും, ക്രൂരനുമായ ഭരണാധികാരിയായിരുന്നു സിദ്ധി ബദ്ർ അഥവാ ഷംസുദീൻ മുസാഫർ ഷാ (Shamsuddin Muzaffar Shah). അതായത് ഒരു ആഫ്രിക്കൻ വംശജൻ ഇന്ത്യയിൽ സുൽത്താനായി ഭരണംവരെയും നടത്തിയിട്ടുണ്ട്. ഇദേഹത്തിന്റെ സൈന്യത്തിൽ അയ്യായിരത്തോളം എത്യോപ്യൻസും ഉണ്ടായിരുന്നു.
അടുത്ത പ്രശസ്തൻ എത്യോപ്യയിൽ നിന്നും അടിമയായി ഇന്ത്യയിലെത്തിയ മാലിക് അംബർ (Malik Ambar) ആണ്. പിന്നീട് സൈനികനായും, ഓഫീസറായും ഉയർന്ന മാലിക് അംബർ, അഹ്‌മദ്‌നഗർ സുൽത്താനേറ്റിലെ കീഴിൽ പ്രധാനമന്ത്രിവരെ ആകുകയും, മുഗൾ സാമ്രാജ്യത്തിനു വൻ ഭീഷണി ഉയർത്തുകയും ചെയ്തു. കൂടാതെ റസിയ സുൽത്താനയുടെ വിശ്വസ്തനായിരുന്ന ജമാലുദീൻ യാക്കുത് (Jamal ud-Din Yaqut) ഒരു സിദ്ധി ആയിരുന്നു.
ഇങ്ങനെ വിരലിലെണ്ണാവുന്ന പലരും വലിയ നിലകളിൽ എത്തിപ്പെട്ടെങ്കിലും, ഭൂരിഭാഗം സിദ്ധികളും സാധാരണ അടിമകൾ തന്നെയായിരുന്നു. ചിലരൊക്കെ രക്ഷപെട്ട് ഒരുമിച്ച്കൂടി കാടുകളിലും, ഒറ്റപ്പെട്ട ദ്വീപുകളിലും സ്വന്തമായി ഗ്രാമങ്ങൾ നിർമ്മിച്ച് താമസിക്കുകവരെ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സിദ്ധികളിൽ ഭൂരിഭാഗംപേരെയും പോർച്ചുഗീസുകാർ ജുനഗഡിലെ നവാബിനു (Nawab of Junagadh) സമ്മാനമായി കൊടുത്തതാണ്. അവരുടെ പിൻതലമുറയിൽപെട്ടവർ ഇപ്പോഴും ഗിർവനങ്ങളുടെ സമീപങ്ങളിൽ താമസിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ സിദ്ധികൾ mo koiഭൂരിഭാഗവും താമസിക്കുന്നത് കർണാടകയിലും, ഗുജറാത്തിലും, ഹൈദരാബാദിലുമാണ്. ഇന്ത്യയിൽ ഇപ്പോൾ പലഭാഗങ്ങളിലായി ഒരു ലക്ഷത്തിൽ താഴെ സിദ്ധികൾ ഉണ്ടെന്നാണ് കണക്ക്.